തിരുവനന്തപുരം: നവംബര്‍ ആദ്യവാരത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.
സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളുമായി വരുന്ന സ്വകാര്യവാഹനങ്ങള്‍, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കേണ്ടത് പൊലീസിനായിരിക്കും. കൂടാതെ മോട്ടോര്‍വാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടച്ചിട്ട മുറികളിലും ഹാളുകളിലുമുള്ള യോഗങ്ങള്‍ ഒഴിവാക്കണം. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പിടിഎ, തദ്ദേശസ്വയം ഭരണം, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം നടത്തണം.
എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments