കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 2 വ്യക്തികൾക്ക് നഷ്ടമായ പണം സമയോചിത ഇടപെടലിലൂടെ തിരിച്ചുപിടിച്ച് സൈബര്‍ സെല്‍. നഗരത്തിലെ ഡോക്ടറുടെ നാലര ലക്ഷവും റിട്ട. വില്പന നികുതി ഉദ്യോഗസ്ഥന്റെ ഒരു ലക്ഷത്തോളം രൂപയുമാണ് പരാതി നല്കി ഉടനെ കണ്ടെത്തിയത്. നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡോക്ടര്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നതിനിടെ ചില വിവരങ്ങള്‍ അധികമായി കൈമാറി തട്ടിപ്പിനിരയാകുകയായിരുന്നു. അക്കൗണ്ടില്‍നിന്ന് ആറരലക്ഷം രൂപയാണ് നഷ്ടമായത്. പെട്ടെന്ന് പരാതി നല്‍കിയതോടെ, പണം മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനിടെ സൈബര്‍ സെല്‍ ഇടപെടുകയായിരുന്നു.
കോട്ടൂളി സ്വദേശിയായ വില്പന നികുതി റിട്ട. അസി. കമീഷണറുടെ മകന്റെ അക്കൗണ്ടില്‍നിന്ന് 96,000 രൂപയാണ് നഷ്ടമായിരുന്നത്. കനകാലയ ബാങ്കിന് സമീപമുള്ള ഇദ്ദേഹത്തിെന്റ വീട് വാടകക്ക് നല്‍കാനുണ്ടെന്ന് വെബ്സൈറ്റില്‍ പരസ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 29ന് ഒരാള്‍ വിളിക്കുകയും തനിക്ക് കോഴിക്കോട് നഗരത്തില്‍ വാടകവീട് വേണമെന്നും അറിയിച്ചു. തുടര്‍ന്ന് വാടക കരാര്‍ തയാറാക്കാന്‍ ആധാര്‍ കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെയും പകര്‍പ്പ് ഇയാള്‍ ഉടമക്ക് അയച്ചുനല്‍കുകയും ചെയ്തു. വീടിെന്റ വാടക തുക പട്ടാളത്തില്‍നിന്ന് വീട്ടുടമക്ക് നേരിട്ടാണ് ലഭിക്കുകയെന്നും അതിന് അക്കൗണ്ട് വിവരങ്ങള്‍ വേണമെന്നും പറഞ്ഞു.
അക്കൗണ്ടിന്റെ ആധികാരികത ഉറപ്പാക്കാന്‍ ചെറിയ സംഖ്യ ഒരു അക്കൗണ്ട് നമ്ബര്‍ നല്കി അതിലേക്കയക്കാനും ആവശ്യപ്പെട്ടു. മകെന്റ അക്കൗണ്ടില്‍നിന്ന് ഉടമ പണം അയച്ചതോടെ അക്കൗണ്ടിലുണ്ടായിരുന്ന 96,000 രൂപ നഷ്ടമാവുകയായിരുന്നു. ഉടന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതോടെ ഉത്തരേന്ത്യയിലെ സ്വകാര്യ ബാങ്കിന്റെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തുകയും ഈ അക്കൗണ്ട് മരവിപ്പിക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയുമായിരുന്നു. തട്ടിപ്പ് നടന്ന ഉടന്‍ പരാതി നല്‍കിയതിനാലാണ് അക്കൗണ്ട് മരവിപ്പിച്ച് പണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു.
Post Your Comments