ഒഴിവ് വേളകളിൽ അധിക വരുമാനം കണ്ടെത്താൻ സഹായിക്കുന്ന നിരവധി പാർട്ട് ടൈം ജോലികൾ ഓൺലൈനിൽ ലഭ്യമാണ്. തുടക്കത്തിൽ തന്നെ ആകർഷകമായ തുക വാഗ്ദാനം ചെയ്യുന്നതിനാൽ, പാർട്ട് ടൈം ജോലി തേടി പോകുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത്തരം പാർട്ട് ടൈം ജോലികൾ ഭൂരിഭാഗവും വിശ്വസനീയമല്ല എന്നതാണ് യാഥാർത്ഥ്യം. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യത്തിൽ വിശ്വസിച്ച സോഫ്റ്റ്‌വെയർ എൻജിനീയർക്ക് നഷ്ടമായത് 18 ലക്ഷം രൂപയാണ്. പണം തിരികെ കിട്ടാൻ പോലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്.
ഹോട്ടലുകൾക്ക് ഓൺലൈനായി റേറ്റിംഗ് നൽകി പണം സമ്പാദിക്കാം എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ആളുകളെ സമീപിക്കുന്നത്. 33 കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറെ ഇതേ സന്ദേശം ഉപയോഗിച്ചാണ് തട്ടിപ്പുകാർ വലയിൽ വീഴ്ത്തിയത്. പ്രത്യേക ലിങ്കിൽ കയറി ഹോട്ടലുകൾ റേറ്റ് ചെയ്യാനാണ് ആദ്യം നൽകിയ ടാസ്ക്. കൊടുക്കുന്ന റേറ്റിംഗിന്റെ സ്ക്രീൻഷോട്ട് അയക്കാനും തട്ടിപ്പ് സംഘം നിർദ്ദേശിച്ചിരുന്നു. ആദ്യത്തെ സ്ക്രീൻഷോട്ട് നൽകിയപ്പോൾ 200 രൂപയാണ് അക്കൗണ്ടിലേക്ക് ക്രെഡിറ്റായത്. അന്നുതന്നെ നിരവധി ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകിയതോടെ ഒരു ദിവസം കൊണ്ട് 1500 രൂപ അക്കൗണ്ടിലെത്തി . യുവാവിന്റെ വിശ്വാസം പൂർണ്ണമായി നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് സംഘം അടുത്ത ഘട്ട നടപടിക്ക് തുടക്കമിട്ടത്.
Also Read: ആനക്കൊമ്പുകളുമായി ആദിവാസി വയോധികനെ വനപാലകർ പിടികൂടി: രണ്ടു പേർ രക്ഷപെട്ടു
ടെലഗ്രാം ഗ്രൂപ്പിൽ അക്കൗണ്ട് തുടങ്ങാനും, പ്രത്യേക ഗ്രൂപ്പിൽ ചേരാനും സംഘം നിർദ്ദേശിച്ചു. അവിടെ നിന്നാണ് ‘പേയ്ഡ് ടാസ്കുകൾ’ കൂടി ചെയ്യാനുള്ള നിർദ്ദേശം ലഭിച്ചത്. പണം നിക്ഷേപിച്ചാൽ കൂടുതൽ ജോലി വാഗ്ദാനങ്ങൾ ലഭിക്കുമെന്നും, കൂടുതൽ പണം സമ്പാദിക്കാമെന്നുമാണ് വാഗ്ദാനം. ആദ്യ ഘട്ടത്തിൽ കൃത്യമായി പണം ക്രെഡിറ്റായെങ്കിലും, പതിയെ പതിയെ പെയ്ഡ് ടാസ്കുകൾ ലഭിക്കാൻ 18 ലക്ഷം രൂപ വരെയാണ് യുവാവ് നൽകിയത്. നൽകുന്ന പണത്തിനനുസരിച്ച പ്രോഫിറ്റ് കാണാൻ സാധിക്കുന്നതിനാൽ, ആദ്യഘട്ടത്തിൽ സംശയം ഒന്നും തോന്നിയിരുന്നില്ല. എന്നാൽ, പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം യുവാവ് തിരിച്ചറിയുന്നത്.
Post Your Comments