മാവേലിക്കര : വധശ്രമക്കേസില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി മൊഴി മാറ്റിയ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സി.പി.എം. സി.പി.എം. കറ്റാനം കിഴക്ക് വാര്‍ഡ് ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. കറ്റാനം മേഖലാ സെക്രട്ടറിയുമായ എസ്. സുജിത്തിനെയാണ് കറ്റാനം ലോക്കല്‍ കമ്മിറ്റി പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പേജിലെ ചതയദിന സന്ദേശത്തിന് താഴെ വിമര്‍ശനക്കുറിപ്പെഴുതിയതിന് സുജിത്തിനെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കല്‍.
2013 ഏപ്രിലില്‍ കറ്റാനം ജങ്‌ഷനില്‍വച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ വിഷം പുരട്ടിയ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സുജിത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കേസിന്റെ വിചാരണ ആലപ്പുഴ ജില്ലാ കോടതിയില്‍ നടക്കുന്നതിനിടെയാണ് സുജിത്ത് മൊഴിമാറ്റിയത്. പതിനഞ്ചോളം ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു സുജിത്തിന്റെ ആദ്യ മൊഴി. ആക്രമിച്ചവരില്‍ സുജിത്ത്, കണ്ണപ്പന്‍ എന്നിവര്‍ മരിച്ചതായും കോടതിയിലുള്ള മറ്റു പ്രതികളാരും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് സുജിത്ത് മൊഴിമാറ്റിയത്.
അതേസമയം മൊഴിമാറ്റം പാര്‍ട്ടിക്കുള്ളില്‍ വിവാദമായി.പ്രതിഫലം പറ്റിയാണ് മൊഴിമാറ്റമെന്നും ഇതിന് ചില നേതാക്കളുടെ ഒത്താശയുണ്ടെന്നും ചര്‍ച്ചവന്നു. വിഷയം പരാതിയായി സംസ്‌ഥാന കമ്മിറ്റിയിലും എത്തിയതായാണ് സൂചന. വധശ്രമത്തിനിരയായ ബ്രാഞ്ച് സെക്രട്ടറിയുടെ തന്നെ മൊഴിമാറ്റം പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദങ്ങള്‍ക്ക് വഴിവച്ചതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന.
Post Your Comments