പത്തനംതിട്ട: കോവിഡ് പ്രതിസന്ധിയിൽ എല്ലാ തൊഴില്‍ മേഘലകളിലും പ്രതിസന്ധി അതിരൂക്ഷമാണ്. ഈ സാഹചര്യത്തെ അതിജീവിക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം വലുതാണെന്ന് ആന്റോ ആന്റണി എം.പി. പത്തനംതിട്ട ജില്ലയിൽ ഡിസ്ട്രിക്‌ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 2021 വര്‍ഷത്തിലെ രണ്ടാം പാദയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ പോലീസുകാർക്ക് ഇനി ഫൈബർ ലാത്തിയും, ഹെവി മൂവബിൾ ബാരിക്കേഡും
‘കോവിഡ് പ്രതിസന്ധി തൊഴില്‍ അവസരങ്ങളെ സാരമായി ബാധിച്ചത് അതിജീവിക്കാന്‍ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായ പ്രാവര്‍ത്തികമാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്രാമപഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി ഫലപ്രാപ്തിയില്‍ എത്തിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമപഞ്ചായത്ത് തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും തൊഴിലുറപ്പ് ജോലി കുറവ് വരുത്തിയ പഞ്ചായത്തുകള്‍ പ്രത്യേക ശ്രദ്ധ നല്‍കി 100 ദിനങ്ങള്‍ തൊഴിലാളികള്‍ക്ക് ഉറപ്പാക്കുന്ന നിലയിലേക്ക് എത്തണം. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും സെക്രട്ടറിമാരുടെ പ്രത്യേക യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കണം’- ആന്റോ ആന്റണി എം.പി പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതിയില്‍ പത്തനംതിട്ട ജില്ലയ്ക്ക് 100 കിലോമീറ്റര്‍ അനുവദിച്ചതില്‍ ഉദ്യോഗസ്ഥതലത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്നും ആന്റോ ആന്റണി പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2020-21 സാമ്പത്തിക വര്‍ഷം, കോവിഡ് കാലത്ത് 6178 കുടുംബങ്ങളെ കൂടി പദ്ധതിയില്‍ കീഴില്‍ കൊണ്ടുവന്നത് ജില്ലയ്ക്ക് മികച്ച നേട്ടമായി. 40.61 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക വഴി ജില്ലയിലെ 58,138 കുടുംബങ്ങള്‍ക്ക് പദ്ധതി താങ്ങായി. 3,493 പേര്‍ പുതുതായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. 19,989 കുടുംബങ്ങള്‍ 100 ദിനം തൊഴില്‍ ചെയ്തു. 119.67 കോടി രൂപ അവിദഗ്ധ വേതനമായി ഗ്രാമീണ ജനങ്ങളുടെ അക്കൗണ്ടുകളില്‍ എത്തി. കൂടാതെ പദ്ധതി നിര്‍വഹണത്തില്‍ പിന്നാക്കംപോയ പഞ്ചാത്തുകളുടെ സെക്രട്ടറിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
Post Your Comments