പത്തനംതിട്ട: പുൽവാമ പരാമർശത്തിൽ തിരുത്തും വിശദീകരണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി. പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്‍റോയുടെ ഇന്നത്തെ വിശദീകരണം. എന്നാൽ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് എതിരാളികൾ.പുൽവാമയിൽ പാകിസ്ഥാന് എന്ത് പങ്കെന്ന് ഇന്നലത്തെ ചോദ്യം വൻ വിവാദമായതോടെ ആന്‍റോ ആന്‍റണി തിരുത്തി.
പരാമർശം ദേശീയതലത്തിൽ ബിജെപി ചർച്ചയാക്കി. സിപിഎമ്മും കൂടി കളത്തിലേക്ക് എത്തുമെന്ന് കണ്ടാണ് ആന്‍റോയുടെ തിരുത്ത്. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലികിന്‍റെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്തെന്ന് വിശദീകരണം. ആന്‍റോ ആന്‍റണിക്കെതിരെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക് രംഗത്തെത്തി. ദേശീയ രാഷ്ട്രീയം പറഞ്ഞാൽ കോൺഗ്രസിന്‍റെ ഇരട്ടത്താപ്പ് പുറത്താകുമെന്ന് കൂടി തോമസ് ഐസക് പറഞ്ഞുവെയ്ക്കുന്നു.
ആന്‍റോ ആന്‍റണിയുടെ പുൽവാമ പരാമർശം കോൺഗ്രസിനെതിരെ ദേശീയതലത്തിൽ ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആന്‍റോ ആന്‍റണിയെ തള്ളി രംഗത്ത് വന്നെങ്കിലും രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുക്കണമെന്ന ബിജെപി നിലപാടിനെ പിന്തുണയ്ക്കാൻ ഇടതുപക്ഷമില്ല. കോൺഗ്രസ് – ബിജെപി നേർക്കുനേർ ഏറ്റുമുട്ടലിലേക്ക് കളംമാറിയാൽ തെരഞ്ഞെടുപ്പ് ചർച്ചകളിൽ കാഴ്ചക്കാരാകേണ്ടിവരുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്.
Post Your Comments