കോഴിക്കോട് : പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമാകുമ്പോൾ പ്രതികരണവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മതവിഭാഗങ്ങൾ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങൾ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാൻ ആരും തുനിയരുതെന്നും കാന്തപുരം പറഞ്ഞു.
ബിഷപ്പിന്‍റെ പ്രസ്താവനയെ ചൊല്ലിയുള്ള തർക്കങ്ങളും വിവാദവും അവസാനിപ്പിക്കണം. അത് സമൂഹത്തിൽ ശേഷിക്കുന്ന നന്മകളെ കൂടി ഇല്ലാതാക്കും. ബിഷപ്പിന്‍റെ പ്രസ്താവനയുടെ പേരിൽ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.
Read Also : പാലാ ബിഷപ്പ് പറഞ്ഞതാണ് ശരി, വോട്ട് ബാങ്കുകളെ സുഖിപ്പിക്കാനായി പിതാവിനെ വളഞ്ഞിട്ടാക്രമിക്കുന്നു: കൃഷ്ണ കുമാർ
രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടത്. ഭിന്നിപ്പുകളുടെയും അകറ്റിനിർത്തലുകളുടെയും ഭാഷ ജനങ്ങളിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കും. തലമുറകളോളം അതിന്‍റെ നീറ്റൽ നിലനിൽക്കും. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ല. വിട്ടുവീഴ്ചയുടെയും മനുഷ്യസ്നേഹത്തിന്‍റെയും പാഠങ്ങൾ ലോകത്തിനു പകർന്നുനൽകാൻ ബാധ്യതപ്പെട്ട മതനേതൃത്വങ്ങൾ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ട് എന്നും മുസ്ലിം ജമാഅത്ത് പറഞ്ഞു.
Post Your Comments