
തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് കൊലപാതകക്കേസില്‍ 11 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികള്‍ക്കുമെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ ആയുധം ഉപയോഗിച്ചതായി കണ്ടെത്തി. എന്നാല്‍ ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷന് തെളിയിക്കാനായില്ല. നെടുമങ്ങാട് പട്ടികജാതി- പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം എല്ലാ പ്രതികള്‍ക്കുമെതിരെ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതികള്‍ ഗുണ്ടകളായതിനാല്‍ ആക്രമണം ഭയന്ന് ദൃസാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. എന്നാല്‍ പ്രതികള്‍ സുധീഷിന്റെ വെട്ടിയെടുത്ത കാല്‍പ്പത്തിയുമായി പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമായത്.
2021 ഡിസംബര്‍ 11നാണ് മംഗലപുരം സ്വദേശി സുധീഷിനെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുണ്ടാപ്പകയായിരുന്നു കൊലയ്ക്കു കാരണം. അക്രമി സംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനവും നടത്തിയിരുന്നു.
Post Your Comments