KeralaLatest News

‘മുസ്ലിം പ്രീണനപരാമർശം’: വെള്ളാപ്പള്ളിക്കെതിരെ വർഗീയത വളർത്തുന്നതിന് സ്വമേധയാ കേസെടുക്കണമെന്ന് കാന്തപുരം വിഭാഗം

കോഴിക്കോട്: വെള്ളാപ്പള്ളിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിൽ പറയുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റേത് മുസ്ലിം പ്രീണന പരാമർശമായിരുന്നു. വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണ്. വിഷയം നിയമപരമായിത്തന്നെ കൈകാര്യം ചെയ്യപ്പെടണം. ഇടത് സര്‍ക്കാറിന്റെ നവോത്ഥാന സമിതിയില്‍ നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നും സിറാജ് മുഖപ്രസംഗത്തിൽ പറയുന്നത്. ‘വെള്ളാപ്പള്ളിയുടെ വ്യാജങ്ങൾ’ എന്ന തലക്കെട്ടിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ പത്രത്തിൽ കുറിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പിണറായി സര്‍ക്കാര്‍ മുസ്ലിംകള്‍ക്ക് അനര്‍ഹമായ എന്തെല്ലാമോ വാരിക്കോരി നല്‍കുന്നു എന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു. ഇന്നലെ അദ്ദേഹം പറഞ്ഞത് കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കി. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്ന് ആരോപണവും വെള്ളപ്പാള്ളി ഉന്നയിച്ചിരുന്നു.

‘സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യത്തില്‍ ചിലത് ചെയ്യാനുണ്ട്. ജനങ്ങൾ ക്കിടയില്‍ വര്‍ഗീയത വളര്‍ത്താനും കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേത്. അത് നിയമപരമായിത്തന്നെ കൈകാര്യം ചെയ്യപ്പെടണം. പോലീസ് വെള്ളാപ്പള്ളിക്കെതിരെ സ്വമേധയാ കേസെടുക്കണം. ഇടതുപക്ഷ സര്‍ക്കാറിന്റെ നവോത്ഥാന സമിതിയില്‍ നിന്നുള്‍പ്പെടെ അദ്ദേഹത്തെ പുറത്താക്കാനും തയ്യാറാകണം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കേരളത്തിന് ഒരു വെള്ളാപ്പള്ളിയുടെ ആവശ്യമില്ല’ പത്രത്തിൽ പറയുന്നു.

കേരളത്തിലെ മുസ്ലിം സമുദായം ഇന്നെത്തിനിൽക്കുന്ന അന്തസ്സാർന്ന നില തനിയെ ഉണ്ടായതല്ലെന്ന് കാന്തപുരത്തിൻ്റെ പത്രത്തിൽ വ്യക്തമാക്കുന്നു. സമു​ദായവും അവർക്കിടയിലെ സംഘടനകളും നന്നായി അധ്വാനിച്ചു തന്നെ സാധ്യമായതാണ്. മന്ത്രിമാരെ വഴിയിൽ തടഞ്ഞുവെച്ചോ സമുദായത്തിന്റെ അം​ഗബലം കാട്ടി ഭരണകൂടത്തെ വിരട്ടിയോ ഒന്നും നേടിയിട്ടില്ല മുസ്ലിംകളെന്നും ലേഖനത്തിലുണ്ട്.

‘ശ്രീനാരായണ ​ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ രൂപവത്കൃതമായ ഒരു സംഘടനയുടെ തലപ്പത്ത് ഇരുന്നുകൊണ്ടാണ് വെള്ളാപ്പള്ളി അന്യായ പ്രസ്താവനകൾ നടത്തിയതെന്നാണ് പത്രത്തിൽ ആരോപിക്കുന്നത്. ‘ന്യൂനപക്ഷ വിരോധം ഉള്ളിൽ പേറുന്ന ആളാണ് വെള്ളപ്പള്ളിയെന്നുള്ളത് പുതിയ അറിവല്ല. മനസ് ബിജെപിയ്ക്ക് ഒപ്പമായിരിക്കുമ്പോഴും കേരളത്തിൽ മാറി മാറി ഭരിക്കുന്ന മുന്നണികളോട് ഒട്ടിനിന്ന് വ്യക്തിപരമായും സംഘടനാപരമായും കിട്ടേണ്ടതെല്ലാം നേടിയെടുത്ത ശേഷമാണ് വെള്ളാപ്പള്ളി പരമാർശം നടത്തിയത്. ബിഡിജെ എസ് എന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കി മകനെ ബിജെപിയുടെ കൂടെ പറഞ്ഞുവിട്ട ശേഷവും മതേതര മുന്നണികളുടെ ഉപ്പും ചോറും വാങ്ങിത്തിന്നാൻ മടിയുണ്ടായിട്ടില്ല’- ലേഖനത്തില്‍ പറയുന്നു.

അ​ർഹമായത് തന്നെ മുസ്ലിം സമുദായത്തിന് ലഭിച്ചിട്ടില്ലെന്നും പത്രത്തിൽ പരാമർശിക്കുന്നുണ്ട്. അതിനെ കുറിച്ചെല്ലാം നരേന്ദ്രന്‍ കമ്മീഷന്‍ -പാലൊളി കമ്മിറ്റി റിപോര്‍ട്ടുകള്‍, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനം, അനവധി സര്‍ക്കാര്‍ രേഖകള്‍, നിയമസഭയിലെ മറുപടികള്‍ -ഇതെല്ലാം ഇക്കാര്യം ഊന്നിപ്പറയുന്നുണ്ടെന്നും പത്രം വ്യക്തമാക്കി. എന്നിട്ടും വെള്ളാപ്പള്ളി പറയുന്നത് മുസ്ലിം സമുദായത്തിന് സര്‍ക്കാര്‍ വാരിക്കോരി കൊടുക്കുന്നുവെന്നാണ്. മുസ്ലിംകള്‍ക്ക് എന്ത് കിട്ടി, എത്ര കിട്ടി? അതില്‍ അര്‍ഹമായത് എത്ര, അനര്‍ഹമായത് എത്ര? രേഖകള്‍ വെച്ച് സംവദിക്കാന്‍ വെള്ളാപ്പള്ളി തയ്യാറാകണമെന്നും പത്രം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button