കോഴിക്കോട്: കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിന്റെ വെളിപ്പെടുത്തലിനെതിരെ വിമർശനവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫേഡറേഷന്‍ (എസ്‌കെഎസ്എസ്എഫ്) രംഗത്ത്. മുസ്‌ലിം സമുദായത്തിനെതിരെ ദുരാരോപണം ഉയര്‍ത്തി പാലാ ബിഷപ്പ് മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.
മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്ന ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും എസ്‌കെഎസ്എസ്എഫ് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. ബിഷപ് ഉന്നയിക്കുന്ന ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് എന്നിവയുടെ തെളിവുകള്‍ പുറത്ത് വിടണം. ഇതോടൊപ്പം സംസ്ഥാനത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ നടന്ന മിശ്രവിവാഹങ്ങളുടെ വിശദമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ്പ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലവ് ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്‌ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പ് പറഞ്ഞത്.
സംസ്ഥാനത്ത് ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക്ക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട് ആരോപിച്ചത്. ഇത്തരത്തില്‍ ഉള്ള ആളുകള്‍ക്ക് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇതിന്റെ ഇരയാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കത്തോലിക്ക യുവാക്കളിലും പെണ്‍കുട്ടികള്‍ക്കിടയിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മറ്റു മതങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
Post Your Comments