കൊച്ചി: അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ പരാതിയിൽ നാളെ വാദം തുടരും. ഇത് സംബന്ധിച്ച് ഡിജിപിയ്ക്കും മലപ്പുറം എസ്പിയ്ക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും, ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് അശോകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചത്.
മകളെ ചിലർ നിയമവിരുദ്ധമായി കസ്റ്റഡിൽ പാർപ്പിച്ചിരിക്കുകയാണെന്നും, മലപ്പുറത്ത് ഹോമിയോ ക്ലിനിക്ക് തുടങ്ങിയത് ഇപ്പോൾ പൂട്ടിയ നിലയിലാണെന്നും മകളെ വിളിച്ചാൽ ഫോൺ സ്വിച്ചോഫ് ആണെന്നും അശോകൻ തന്റെ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹാദിയയുടെ അച്ഛൻ അശോകന്റെ പരാതിയിൽ വാദം കേട്ടത്.
തമിഴ്നാട്ടിലെ സേലത്ത് ഹോമിയോ വിദ്യാർത്ഥിനി ആയിരിക്കെ അഖിലയെന്ന ഹിന്ദുപെൺകുട്ടിയെ കൂട്ടുകാരികൾ സമ്മർദ്ദത്തിലൂടെ ഇസ്ലാം മതം സ്വീകരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ അശോകൻ ഹൈക്കോടതിയിൽ ഹർജി നൽകുകയും വിധി വരാനിരിക്കെ മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ തിടുക്കപ്പെട്ട് ഇസ്ലാം മതാചാര പ്രകാരം വിവാഹം ചെയ്യിക്കുകയും ചെയ്തതിലൂടെയാണ് ഹാദിയ വിഷയം വിവാദമായത്.
അഖിലയെ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചതാണെന്നും ഷഫിൻ ജഹാനുമായുള്ള വിവാഹം ലവ് ജിഹാദിന്റെ വലിയ അജണ്ടയുടെ ഭാഗമാണെന്നും ഹാദിയയുടെ പിതാവ് അശോകൻ ആരോപിച്ചിരുന്നു. തുടർന്ന് സുപ്രീം കോടതി ഷെഫിൻ ജഹാന്റെയും ഹാദിയയുടെയും വിവാഹംസാധൂകരിക്കുകയുമായിരുന്നു.
Post Your Comments