Latest NewsKeralaNattuvarthaNewsIndia

ബ്രാഹ്മണ്യത്തെ ആശയം കൊണ്ടും പ്രവൃത്തി കൊണ്ടും നേരിട്ട ചട്ടമ്പിസ്വാമികളെ മാറ്റി നിർത്താൻ കഴിയില്ല: പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൻ്റെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഒരു പ്രകാശഗോപുരമാണ് ചട്ടമ്പിസ്വാമികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നവോത്ഥനത്തിൻ്റെ ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിർത്തിക്കൊണ്ട് എഴുതാൻ സാധ്യമല്ലെന്നും തന്റെ ഫേസ്ബുക് കുറിപ്പിലൂടെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Also Read:കൂട്ടബലാത്സംഗം: വൈകീട്ട് 6.30 ന് ശേഷം തനിച്ച് പുറത്തിറങ്ങരുതെന്ന് കർശന വിലക്കുമായി മൈസൂര്‍ സര്‍വകലാശാല

ചട്ടമ്പിസ്വാമികളുടെ ജന്മനാളായ ഇന്ന് അദ്ദേഹത്തിൻ്റെ ജീവിതവും ആശയങ്ങളും ചരിത്രപരമായി ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ നമുക്ക് ഏറ്റെടുക്കാം. സമൂഹത്തിലാകെ ആ സന്ദേശങ്ങൾ നമുക്ക് എത്തിക്കാമെന്നും ഫേസ്ബുക് പോസ്റ്റിൽ മുഖ്യമന്ത്രി പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കേരളത്തിൻ്റെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഒരു പ്രകാശഗോപുരമാണ് ചട്ടമ്പിസ്വാമികൾ. ജാതീയതയുടെ കൊടിയ അനാചാരങ്ങളെ, അതിൽ നിന്നും മുതലെടുത്ത് അപ്രമാദിത്വം അനുഭവിച്ചിരുന്ന ബ്രാഹ്മണ്യത്തെ ആശയം കൊണ്ടും പ്രവൃത്തി കൊണ്ടും അദ്ദേഹം എതിരിട്ടു. മതസംഹിതകളിൽ അന്തർലീനമായ വിമോചനത്തിൻ്റെയും സമത്വത്തിൻ്റെയും പ്രകാശം ചൊരിയുന്ന, എന്നാൽ ചൂഷകരാൽ മറച്ച് പിടിക്കപ്പെട്ട സത്തകൾ ചട്ടമ്പിസ്വാമികൾ തൻ്റെ പോരാട്ടത്തിനുള്ള ആയുധങ്ങളാക്കി.

ആ അറിവുകൾ ജനങ്ങളിലേക്ക് പകർന്നുകൊണ്ട് അവരുടെ വിശ്വാസങ്ങളിൽ നീതിയുടെയും തുല്യതയുടെയും ബോധ്യമുറപ്പിക്കാൻ ചട്ടമ്പിസ്വാമികൾക്ക് സാധിച്ചു. അത്തരത്തിൽ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാനും അതിനകത്ത് തന്നെ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ശാസ്ത്രശാഖകളിലും വേദാന്തത്തിലും സംഗീതത്തിലും സാഹിത്യത്തിലും പ്രാചീന ചരിത്രത്തിലും അഗാധമായ ജ്ഞാനം ചട്ടമ്പിസ്വാമികൾക്കുണ്ടായിരുന്നു. അതെല്ലാം അദ്ദേഹത്തിൻ്റെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് അസാധാരണമായ മൂർച്ച നൽകി.

കേരള നവോത്ഥനത്തിൻ്റെ ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിർത്തിക്കൊണ്ട് എഴുതാൻ സാധ്യമല്ല. ജാതീയതയും അനാചാരങ്ങളും തൂത്തെറിഞ്ഞു മാനവികതയുടെ സംസ്ഥാപനം ലക്ഷ്യം വയ്ക്കുന്ന കേരളത്തിൻ്റെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം എക്കാലവും അറിവിൻ്റെ വെളിച്ചവും സമരോത്സുകതയുടെ ഊർജ്ജവും പകരും. ചട്ടമ്പിസ്വാമികളുടെ ജന്മനാളായ ഇന്ന് അദ്ദേഹത്തിൻ്റെ ജീവിതവും ആശയങ്ങളും ചരിത്രപരമായി ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ നമുക്ക് ഏറ്റെടുക്കാം. സമൂഹത്തിലാകെ ആ സന്ദേശങ്ങൾ നമുക്ക് എത്തിക്കാം. നവകേരളത്തിനായി കൈകൾ കോർക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button