മാഡ്രിഡ്: ഇതിഹാസ താരം ലയണൽ മെസി ബാഴ്‌സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി ഇനി മുതൽ ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോ അണിയും. ബാഴ്‌സയിൽ പത്താം നമ്പർ ജേഴ്സി റിട്ടയർ ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ലാ ലിഗയുടെ നിയമപ്രകാരം 1 മുതൽ 25 വരെ നമ്പർ വരെയുള്ള ജേഴ്സികൾ നിർബന്ധമായും ക്ലബുകൾ ഉപയോഗിക്കണമെന്നാണ്. അതുകൊണ്ട് തന്നെ പത്താം നമ്പർ ജേഴ്സി കുട്ടീഞ്ഞോയ്ക്ക് നൽകുമെന്നാണ് സൂചനകൾ.
അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോയും മെംഫിസ് ഡെപെയും യുവതാരം അനസു ഫാത്തിയും പത്താം നമ്പറിന് യോജിച്ച മികച്ച താരങ്ങളാണ്. എന്നാൽ ഈ താരങ്ങളുടെ നമ്പറുകൾ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. നിലവിൽ കുട്ടീഞ്ഞോയ്ക്ക് മാത്രമാണ് ജേഴ്സി നമ്പർ ഇല്ലാത്തത്. കുട്ടീഞ്ഞോ ബാഴ്‌സലോണ വിടാനുള്ള മനസുമായാണ് നിൽകുന്നതെങ്കിലും പത്താം നമ്പർ ജേഴ്സി താരത്തിന് നൽകാനാണ് ബാഴ്‌സയുടെ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ, പത്താം നമ്പർ ജേഴ്സി സ്പാനിഷ് യുവതാരം പെഡ്രി അണിയുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ക്ലബ് താരങ്ങളുടെ ജേഴ്സി നമ്പർ പുറത്തിറക്കിയിരുന്നു. 1 മുതൽ 20 വരെയുള്ള ജേഴ്സിയിൽ രണ്ട് നമ്പറുകൾ മാത്രമാണ് ഇല്ലാതിരുന്നത്. മെസിയുടെ പത്താം നമ്പറും കഴിഞ്ഞ സീസണിൽ പെഡ്രി അണിഞ്ഞ പതിനാറാം നമ്പറും. ഇതോടെയാണ് പുതിയ അഭ്യൂഹങ്ങൾ ഉയർന്നുതുടങ്ങിയത്.
Post Your Comments