മലപ്പുറം: അങ്കണവാടി ടീച്ചറിന്റെ അക്കൗണ്ടിലൂടെ നടന്നത് 80 ലക്ഷം രൂപയുടെ ഇടപാട്. എന്നാല്‍ ഇതേ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ആദായ നികുതി വകുപ്പില്‍ നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് സംഭവം അറിയുന്നചെന്നും കണ്ണമംഗലം തോട്ടശ്ശേരിയറ സ്വദേശി എം.ദേവി പറയുന്നു. എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 2009ല്‍ ആരംഭിച്ച അക്കൗണ്ടില്‍ പണം എത്തിയ വിവരം ആദായ നികുതി വകുപ്പിന്റെ നോട്ടിസ് ലഭിച്ചപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നും തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയതായും ദേവി പറഞ്ഞു.
നാട്ടിലെ അങ്കണവാടിയില്‍ അദ്ധ്യാപികയായിരുന്ന ദേവി, അങ്കണവാടിക്ക് അടുക്കള നിര്‍മ്മിക്കുന്നതിനു സര്‍ക്കാര്‍ 25,000 രൂപ അനുവദിച്ചതിനെത്തുടര്‍ന്നാണ് അക്കൗണ്ട് തുടങ്ങിയത്. 2010ല്‍ തുക ലഭിക്കുകയും പ്രവൃത്തി നടത്തുകയും ചെയ്തു. 2013ല്‍ ജോലിയില്‍നിന്നു വരമിച്ചു. പിന്നീട് ആ അക്കൗണ്ട് ഉപയോഗിച്ചിട്ടില്ല. അക്കൗണ്ട് സംബന്ധമായ രേഖകളുമായി ഹാജരാകണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഫെബ്രുവരിയില്‍ ആദായ നികുതി വകുപ്പ് കത്ത് നല്‍കിയിരുന്നു.
അന്നു ഹാജരാകാത്തതിനെത്തുടര്‍ന്നു മാര്‍ച്ചിലും പിന്നീട് മേയിലും കത്തു വന്നു. മൂന്നാമത്തെ കത്ത് വന്നതിനു പിന്നാലെ മകന്‍ കോഴിക്കോട്ടെ ഓഫിസിലെത്തി അക്കൗണ്ട് ഉപയോഗിക്കുന്നില്ലെന്നറിയിച്ചു. സത്യവാങ്മൂലവും നല്‍കി. കഴിഞ്ഞ മാസം ആദായ നികുതി വകുപ്പില്‍നിന്ന് ഫോണില്‍ വിളിച്ചാണ് അക്കൗണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നറിയിച്ചത്. ബാങ്കില്‍ അന്വേഷിക്കേണ്ടെന്നും പൊലീസില്‍ പരാതി നല്‍കാനും അവര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
സഹകരണ ജോയിന്റ് രജിസ്റ്റ്രാറുടെ ഓഫിസില്‍നിന്ന് അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഈ മാസം കത്തു ലഭിച്ചു. ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസറെ ബന്ധപ്പെടാനായിരുന്നു മറുപടി. പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണു തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തിട്ടില്ലെന്നും പരാതിയുടെ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കുമെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാര്‍ പറഞ്ഞു.
എന്താണു സംഭവിച്ചതെന്നറിയാന്‍ ഫയല്‍ പരിശോധിക്കുകയാണെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വി.കെ ഹരികുമാര്‍ പറഞ്ഞു. അതേസമയം സംഭവത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കെ ടി ജലീൽ രംഗത്തെത്തി. ഇത് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണമാണെന്നു ജലീൽ ആരോപിച്ചു.
Post Your Comments