Latest NewsKeralaNews

‘പാലക്കാട്ടുകാര്‍ കരയണ്ട, നിങ്ങളുടെ എംഎല്‍എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും’: പരിഹസിച്ച് കെ ടി ജലീല്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍. വടകരയില്‍ കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ട. അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ കുറിച്ചത്. വടകരയില്‍ കെ കെ ശൈലജ തന്നെ വിജയിക്കുമെന്നും ഷാഫി പാലക്കാട് തന്നെ തിരിച്ചെത്തുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

‘അറുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മട്ടന്നൂരില്‍ ജയിച്ച ശൈലജ ടീച്ചര്‍ പോന്നപ്പോള്‍ ആരും കരഞ്ഞില്ല. 3500 വോട്ടിന് ജയിച്ച പാലക്കാട് എംഎല്‍എ വടകരയിലേക്ക് വന്നപ്പോള്‍ പാലക്കാട്ടുകാര്‍ മുഴുവന്‍ കരഞ്ഞുവെന്നാണ് വീമ്പു പറച്ചില്‍. ശൈലജ ടീച്ചറോട് മത്സരിച്ച് തോറ്റ് തൊപ്പിയിടാന്‍ വേണ്ടി പോകുന്നതിനാണ് ആളെ വേഷം കെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കാണറിയാത്തത്? പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി മണ്ഡലം മാറുന്നുവെന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിന്റെ തനിയാവര്‍ത്തനമാണ് പാലക്കാട് നടന്നത്’, ജലീല്‍ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

‘സങ്കടപ്പെടേണ്ട! എംഎല്‍എ സുഖമായി പാലക്കാട്ട് തിരിച്ചെത്തും. പാലക്കാട്ടുകാര്‍ ‘കരയ’ണ്ട. നിങ്ങളുടെ എംഎല്‍എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും. പിആര്‍ വര്‍ക്കില്‍ പടച്ചുണ്ടാക്കിയ ‘യാത്രപറച്ചില്‍ നാടകം’ വടകരയില്‍ ഏശുമെന്ന് കരുതിയവര്‍ക്ക് നല്ല നമസ്‌കാരം. തിരിച്ച് വരുമ്പോള്‍ കരയാന്‍ മറ്റൊരു സംഘത്തെ ഏര്‍പ്പാടാക്കുന്നതാകും ഉചിതം. പാലക്കാട്ടെ ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ ജില്ലാ ബ്യൂറോകള്‍ ജാഗ്രതയോടെ ഇരുന്നാല്‍ ആ രംഗവും നന്നായി ക്യാമറയില്‍ പകര്‍ത്താം.

വടകരയില്‍ ഇന്ന് കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ട. അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്. ഇതിനെക്കാള്‍ വലിയ നോട്ടുകെട്ടുകളുടെ പിന്‍ബലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിമര്‍ത്താടിയ വമ്പന്‍മാര്‍ മൂക്ക്കുത്തി വീണ മണ്ണില്‍ ശൈലജ ടീച്ചര്‍ വിജയക്കൊടി പാറിക്കും. തീര്‍ച്ച.

സോഷ്യല്‍ മീഡിയയില്‍ 10 ലക്ഷം ഫോളോവേഴ്‌സുള്ള ഒരു ”ചാരിറ്റി മാഫിയാ തലവനെയാണ് ‘പണം വാങ്ങി ‘ചിലര്‍’ എനിക്കെതിരെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പടക്കിറക്കിയത്. ‘പാവങ്ങളുടെ കപട തലവന്റെ’ മാസ് എന്‍ട്രിയെ ഒര്‍മ്മിപ്പിക്കുന്നതായിരുന്നു വടകരയിലെ സോഷ്യല്‍ മീഡിയാ പിആര്‍ വീരന്റെ ഇന്നത്തെ രംഗപ്രവേശം. ലീഗ് മൂന്നാം സീറ്റായി ചോദിച്ചിരുന്നത് വടകരയോ കാസര്‍കോടോ ആണ്. ലീഗിന് കിട്ടിയ മൂന്നാം സീറ്റെന്ന മട്ടിലാണ് വടകര മണ്ഡലത്തിലെ ലീഗണികളുടെ അഹങ്കാരത്തിമര്‍പ്പ്. അതിന് രണ്ടുമാസത്തെ ആയുസ്സേ ഉള്ളൂ. കോലീബി ഉള്‍പ്പടെ എല്ലാ അലവലാതികളും ഒത്തുപിടിച്ചിട്ടും തവനൂരില്‍ ചെങ്കൊടി താഴ്ത്തിക്കെട്ടാന്‍ കഴിഞ്ഞില്ല. വടകരയിലേക്ക് രണ്ടുമാസത്തിന് വിസിറ്റിംഗ് വിസയെടുത്തെത്തിയ ‘അതിഥി മരുമകനെ’ നന്നായി സല്‍ക്കരിച്ച് പാലക്കാട്ടേക്കു തന്നെ വടകരക്കാര്‍ തിരിച്ചയക്കും. റംസാന്‍ കാലം ആയത് കൊണ്ട് അപ്പത്തരങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ല.

അറുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മട്ടന്നൂരില്‍ നിന്ന് ജയിച്ച ശൈലജ ടീച്ചര്‍ പോന്നപ്പോള്‍ ആരും കരഞ്ഞില്ല, 3500 വോട്ടിന് ജയിച്ച പാലക്കാട് എംഎല്‍എ വടകരയിലേക്ക് പോന്നപ്പോള്‍ പാലക്കാട്ടുകാര്‍ മുഴുവന്‍ കരഞ്ഞുവെന്നാണ് യൂത്തന്‍മാരുടെ വീമ്പു പറച്ചില്‍. ഷൈലജ ടീച്ചറോട് മല്‍സരിച്ച് തോറ്റ് തൊപ്പിയിടാന്‍ വേണ്ടി പോകുന്നതിനാണ് ആളെ വേഷംകെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കാണറിയാത്തത്? പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി മണ്ഡലം മാറുന്നു എന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിന്റെ തനിയാവര്‍ത്തനമാണ് പാലക്കാട്ട് നടന്നത്. അത് പക്ഷെ മാധ്യമങ്ങള്‍ എത്ര സമര്‍ത്ഥമായാണ് മൂടിവെച്ചത്! സാധാരണക്കാരുടെ വികാരവിചാരങ്ങള്‍ക്കൊപ്പം എന്നും നിന്നിട്ടുള്ള സഖാവ് ശൈലജ ടീച്ചറെ പാര്‍ലമെന്റിലേക്കയച്ച്, കാലം തങ്ങളിലേല്‍പ്പിച്ച ദൗത്യം വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഭംഗിയായി നിര്‍വ്വഹിക്കും. കാത്തിരിക്കാം, ആ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍.’

shortlink

Related Articles

Post Your Comments

Related Articles


Back to top button