മലപ്പുറം: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദയാധനം സമാഹരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തുന്ന യാത്രയെ പ്രശംസിച്ച് കെടി ജലീൽ എംഎൽഎ. റഹീമിനെ രക്ഷിക്കാൻ ബോബി ചെമ്മണ്ണൂർ ഇറങ്ങിത്തിരിച്ചത് വെറുംകയ്യോടെയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വകയായി ഒരുകോടി രൂപയ്ക്ക് റസീപ്റ്റ് എഴുതിയ ശേഷമാണ് ‘ബ്ലഡ്മണി’ ശേഖരിക്കാനുള്ള അദ്ദേഹത്തിന്റെ യാത്രയെന്ന് ജലീൽ പറഞ്ഞു.
‘നാട്ടിലെ ചില കപട ചാരിറ്റി മാഫിയക്കാരെപ്പോലെ ഹോസ്പിറ്റലുകളുമായി കമ്മീഷൻ കരാറുപ്പിച്ചല്ല ബോബി ചെമ്മണ്ണൂരെന്ന മനുഷ്യസ്നേഹിയുടെ പര്യടനം. സ്വയം മാതൃകയായ ശേഷം ബോബി ഏറ്റെടുത്ത വെല്ലുവിളി വിജയത്തിലേക്ക് നീങ്ങുകയാണ്. പൊതുപ്രവർത്തകർക്കും മത-സാമൂഹ്യ-രാഷ്ട്രീയ നേതാക്കൾക്കും അനുകരിക്കാവുന്ന മാതൃകയാണ് ബോബി ചെമ്മണ്ണൂരിന്റേത്’, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
താനും ബോബിയുടെ സംരംഭത്തിൽ പങ്കാളിയായതായി കെടി ജലീൽ അറിയിച്ചു. തനിക്ക് നൽകാൻ കഴിയുന്ന ഒരു തുക ബോബി പറഞ്ഞ നമ്പരിലേക്ക് ഗൂഗിൾ പേ ചെയ്ത് നൽകിയതായി അദ്ദേഹം പറഞ്ഞു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കാലത്തിന് ഗ്രഹണം സംഭവിച്ചിട്ടില്ലെന്ന ഓർമ്മപ്പെടുത്തലാണ് ബോബിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ജലീൽ പറഞ്ഞു.
അതേസമയം, കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം അവസാനിപ്പിച്ചു. ദയാധനത്തിനായി വേണ്ട 34 കോടിയും ലഭിച്ചതിനെ തുടർന്നാണ് സമാഹരണം നിർത്തിവെച്ചത്. റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് മുഴുവൻ തുകയും ലഭിച്ചു.
Post Your Comments