ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സിന്റെ മരണത്തിൽ നിന്നും കരകയറാൻ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. സ്ത്രീയായി ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച ആളായിരുന്നു അനന്യയെന്ന് സുഹൃത്ത് ദയ ഗായത്രി പറയുന്നു. ഒരു മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദയ ഗായത്രി അനന്യയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.
അനന്യയ്ക്ക് നീതി കിട്ടണമെന്നാണ് ദയ ഗായത്രി വ്യക്തമാക്കുന്നത്. സർജറിയെന്ന കേൾക്കുന്നത് തന്നെ പേടിയുള്ള ആളായിരുന്നു അനന്യയെന്നും അങ്ങനെയുള്ള ആളെയാണ് അലക്ഷ്യമായി കുത്തിക്കീറിയ ശേഷം സര്‍ജറി പിഴവെന്ന് നിസാരവത്കരിച്ച് പറഞ്ഞയച്ചത് എന്നും ദയ പറയുന്നു. ലിംഗമാറ്റ ശാസ്ത്രക്രിയയിലെ പിഴവ് മൂലമുണ്ടായ വേദന ഒരു വർഷത്തോളം അനന്യ അനുഭവിച്ചുവെന്നും ദയ ഗായത്രി വേദനയോടെ ഓർക്കുന്നു.
‘നെഞ്ചു നീറുന്ന വേദനയോടെയാണ് ചേച്ചി ഓരോ നിമിഷവും ജീവിച്ചത്. ചേച്ചി ജീവനൊടുക്കിയ രാത്രിയുടെ തലേന്ന് കൂടെ ഞാനുണ്ടായിരുന്നു. പിറ്റേന്ന് നേരം പുലരുമ്പോള്‍ മുന്നില്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കുമെന്ന് ആ കണ്ണുകള്‍ പറഞ്ഞിരുന്നില്ല. ആത്മഹത്യയുടെ സൂചന പോയിട്ട് വിഷാദത്തിന്റെ ലാഞ്ചന പോലും ആ മുഖത്ത് ഉണ്ടായിരുന്നില്ല. എന്നിട്ടും എന്റെ അനന്യചേച്ചിയും പിന്നാലെ ചങ്കുനീറിപ്പിടയുന്ന ഞങ്ങളുടെ മനസില്‍ തീകോരിയിട്ട് ജിജു ചേട്ടനും പോയി. എന്റെ ചേച്ചിക്ക് ഒരു ചെറിയ പനി വന്നാല്‍ പോലും താങ്ങാനാവില്ല. എന്റെ ചേച്ചി അത്രയ്ക്ക് പാവമായിരുന്നു. ചേച്ചിക്ക് സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. മരവിപ്പിച്ചിട്ടാണല്ലോ എന്ന് പറഞ്ഞ് ഞങ്ങള്‍ ആശ്വസിപ്പിക്കുമായിരുന്നു. അങ്ങനെയുള്ള ആ പാവത്തിനെയാണ് അലക്ഷ്യമായി കുത്തിക്കീറിയ ശേഷം സര്‍ജറി പിഴവെന്ന് നിസാരവത്കരിച്ച് പറഞ്ഞയച്ചത്. ഒരു കൊല്ലത്തോളമാണ് ആ വേദന എന്റെ പാവം ചേച്ചി അനുഭവിച്ചത്.
ചികിത്സാ പിഴവിനെ തുടര്‍ന്ന് ചേച്ചി റീസര്‍ജറിക്ക് തയ്യാറെടുത്തിരുന്നതാണ്. അപ്പോഴും ചേച്ചിക്ക് സര്‍ജറിയുടെ വേദനയും ഇനിയെന്ത് സംഭവിക്കുമെന്നും ഓര്‍ത്തായിരുന്നു ടെന്‍ഷന്‍. അപ്പോഴും ഞങ്ങള്‍ ആശ്വസിപ്പിച്ചു. പക്ഷേ എന്തോ ചേച്ചി അതിന് കാത്തു നിന്നില്ല. പൊയി. ചിലപ്പോള്‍ ആ പാവം അത്രത്തോളം അനുഭവിച്ചിട്ടുണ്ടാകും. അവരെ ഈ നിലയില്‍ എത്തിച്ച ചികിത്സാ പിഴവിനെ ഇങ്ങനെ നിസാരവത്കരിക്കുന്നത് അംഗീകരിക്കാനാകുന്നില്ല. 99 സര്‍ജറികള്‍ വിജയകരമായി ചെയ്തുവെന്ന് അവകാശപ്പെട്ടിട്ട്, ഒരെണ്ണം പിഴച്ചു പോയി എന്ന് പറഞ്ഞ് അവരെ വെള്ളപൂശാന്‍ ശ്രമിച്ച് വിഷയത്തിന്റെ ഗൗരവത്തെ ലഘൂകരിക്കരുത്. ആ പിഴവിന്റെ പേരില്‍ ഒരാള്‍ക്ക് സ്വന്തം ജീവിതമാണ് നഷ്ടമായത്.
Also Read: ഇന്ത്യന്‍ നേവിയിൽ ഒഴിവ് : അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം
ട്രാന്‍സ്‌ജെന്‍ഡറുകളെ വെറും മാംസക്കഷണങ്ങളായി കാണുന്ന ലോകത്ത് മനസു കൊണ്ടു ചേച്ചിയെ ചേര്‍ത്തു നിര്‍ത്തിയ മനുഷ്യനായിരുന്നു ജിജു ചേട്ടൻ. അനന്യയും ജിജു ചേട്ടനും സ്‌നേഹിച്ചത് മനസു കൊണ്ടായിരുന്നു. അവര്‍ തമ്മില്‍ കുറേ നാളുകളായി ലിവിംഗ് റിലേഷനിലായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതോടെ അവര്‍ തമ്മില്‍ ദാമ്പത്യജീവിതത്തിലെ ബന്ധം പോലും സാധ്യമായിരുന്നില്ല, എങ്കില്‍ പോലും ജിജു ചേട്ടന്‍ ചേച്ചിയെ കൂടെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയിട്ടേയുള്ളൂ. അവര്‍ പരസ്പരം മനസുകളെയായിരുന്നു സ്‌നേഹിച്ചത്. അതുകൊണ്ടാണ് ചേച്ചിയുടെ വേർപാട് ചേട്ടന് താങ്ങാൻ കഴിയാതെ വന്നത്’, ദയ ഗായത്രി പറയുന്നു.
Post Your Comments