Latest NewsKeralaNews

മനുവിന്‍റ മൃതദേഹം കുടുംബം ഏറ്റെടുത്തു: പങ്കാളിയായ ജെബിന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാമെന്ന് ബന്ധുക്കൾ

കൊച്ചി: ഫ്ലാറ്റിൽനിന്ന് വീണുമരിച്ച എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം ഏറ്റെടുത്ത് കുടുംബം.കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹമാണ് നിയമപോരാട്ടത്തിനൊടുവിൽ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയത്. ജെബിന് വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കാമെന്നും എതിർപ്പില്ലെന്നും മനുവിന്റെ ബന്ധുക്കൾ ഹൈക്കോടതിയെ അറിയിച്ചു. മനുവിന്റെ മൃതദേഹം ആരും ഏറ്റെടുക്കുന്നില്ലെന്നും തനിക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് പങ്കാളിയായ ജെബിൻ കോടതിയെ സമീപിച്ചതോടെയാണ്, സംഭവം ശ്രദ്ധ നേടുന്നത്.

ഞായറാഴ്ച കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ മനു തൊട്ടു പിറ്റേന്നാണ് മരിച്ചത്. ആദ്യം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായിരുന്നില്ല. ഇതോടെയാണ് പങ്കാളിയായ ജെബിൻ മനുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോട്ടയം മുണ്ടക്കയം സ്വദേശിയാണ് ജെബിൻ. മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ബന്ധുക്കൾ ഹൈക്കോടതിയെ അറിയിച്ചതോടെ പ്രശ്നങ്ങൾ അവസാനിച്ചു. ആശുപത്രിയിൽ വെച്ച് അന്തിമോപചാരം അർപിക്കാൻ ജെബിനെ കോടതി അനുവദിച്ചു. മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കാനും അനുവദിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. മനുവിന്റെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിർദേശം.

ജെബിന് മറ്റൊരു വാഹനത്തിൽ കണ്ണൂരിലേക്ക് മൃതദേഹത്തെ അനുഗമിക്കാമെന്നും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്നും വീട്ടുകാർ നിലപാടെടുത്തു. തുടർന്ന് ജെബിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി. മനുവിന്റെ ചികിത്സാച്ചെലവായി ഒരു ലക്ഷം രൂപ കെട്ടിവെക്കാൻ ഹർജിക്കാരന് കോടതി നിർദേശം നൽകി. ജെബിന് അന്തിമോപചാരം അർപിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്

ഫെബ്രുവരി മൂന്നാം തീയതി പുലർച്ചെയാണ് കണ്ണൂർ സ്വദേശിയായ മനു ഫ്ലാറ്റിൽ നിന്നും വീണ് അപകടമുണ്ടായത്. ഫോൺ ചെയ്യാനായി ടെറസിലേക്കു പോയ യുവാവ് തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആദ്യം എറണാകുളം ഗവ. മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങി. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്നും പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി ജെബിൻ ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button