യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് ട്രാൻസ്‌ജെൻഡറുകൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ചിത്ര, കാജൽ, പ്രീതി, അശ്വിനി, മുകില എന്നിവർക്കെതിരെയാണ് കേസ്. ബെംഗളൂരുവിലെ ഡി.ജെ ഹള്ളി സ്വദേശിയായ പതിനെട്ടുകാരനാണ് പരാതി നൽകിയത്. അംബേദ്കർ കോളജിന് സമീപം ചായക്കട നടത്തുന്ന ഇയാളെ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിൽ ചേരാൻ നിർബന്ധപൂർവം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
തങ്ങളുടെ കൂട്ടത്തിൽ ചേർന്നാൽ കൂടുതൽ വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചെങ്കിലും ഇത് നിരസിച്ചതോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ലൈംഗികാവയവം നീക്കം ചെയ്തത്. കഴിഞ്ഞ മൂന്നു വർഷമായി പ്രതിദിനം 2000ത്തോളം രൂപ യാചനയിലൂടെ കണ്ടെത്തി ട്രാൻസ്ജെൻഡർ സംഘത്തിന് നൽകിവരുകയായിരുന്നു യുവാവ്. പതിവായി ചായക്കട സന്ദർശിച്ചിരുന്ന സംഘം തന്നോട് ചങ്ങാത്തത്തിലാവുകയും തുടർന്ന് മൂന്ന് വർഷം മുമ്പ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ടാനറി റോഡിലെ വീട്ടിലേക്ക് മാറ്റിയെന്നും പിന്നീട് ഭിക്ഷാടനത്തിന് നിർബന്ധിക്കുകയായിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അങ്ങനെയാണ് തനിക്ക് ഭിക്ഷാടനം നടത്തേണ്ടിവന്നതെന്നും യുവാവ് വ്യക്തമാക്കി.
ഇതിനിടെ, ജൂലൈ 12ന് യുവാവിനടുത്തെത്തിയ സംഘം, ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായി യാചനക്കിറങ്ങിയാൽ കൂടുതൽ പണം സമ്പാദിക്കാനാവുമെന്ന് പറഞ്ഞ് ഇതിനായി നിർബന്ധിക്കുകയായിരുന്നു. ആവശ്യം നിരസിച്ചതോടെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് ദിവസങ്ങളോളം തടവിൽ പാർപ്പിച്ചതായും പരാതിയിൽ പറയുന്നു. തങ്ങൾക്കൊപ്പം യാചനക്കിറങ്ങിയില്ലെങ്കിൽ കുടുംബത്തെ അപകടപ്പെടുത്തുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് മർദിക്കുകയും മയക്കുമരുന്ന് കുത്തിവയ്ക്കുകയും ചെയ്തു. ബോധം വന്നപ്പോൾ തന്റെ ലൈംഗികാവയവം നീക്കി പൈപ്പ് പോലുള്ള ഒരു ഉപകരണം വച്ചുപിടിപ്പിച്ചിരിക്കുന്നതായി കണ്ടു. തുടർന്ന് വീട്ടിനുള്ളിൽ വീണ്ടും തടവിലിട്ടു. ആഗസ്റ്റ് മൂന്നിന് ചില ആചാരങ്ങൾ നടത്തുകയും ലൈംഗികത്തൊഴിൽ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിൽ നിന്ന് രക്ഷപെട്ട 18കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ, ബി.എൻ.എസിലെ സെക്ഷൻ 118(2) (മുറിവേൽപ്പിക്കുക), 127(4) (10 ദിവസത്തിലധികം തടവിൽ പാർപ്പിക്കുക), 140(4) (തട്ടിക്കൊണ്ടുപോകൽ), 351(2 ) (ഭീഷണിപ്പെടുത്തൽ), 351(3) (മരണമോ ഗുരുതര പരിക്കോ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തിയിലൂടെ ഭീഷണിപ്പെടുത്തൽ), 3(5) (പൊതു ഉദ്ദേശ്യത്തോടെയുള്ള ക്രിമിനൽ പ്രവൃത്തി) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments