
‘മനുഷ്യ വംശത്തിന്റെ ഓരോ ജയത്തിന് പിറകിലും പരാജിതരുടെ അദൃശ്യമായ ഒരു നിരയുണ്ട് എന്ന ഓർമ്മയുടെ പേരാണ് ജനാധിപത്യം’
(ഗാന്ധിജി )
തോറ്റ മനുഷ്യർ ഇല്ലായിരുന്നെങ്കിൽ നമ്മുടെയൊക്കെ ജയങ്ങൾക്ക് ഇത്രയും ഭംഗിയുണ്ടാകുമായിരുന്നോ. ആരൊക്കെയോ എവിടെയൊക്കെയോ തോറ്റു പോയത് കൊണ്ടല്ലേ നമ്മുടെയൊക്കെ ഒരോ ജയങ്ങളും എല്ലായിടത്തും അടയാളപ്പെടുന്നത്. ആ പരാജിതരുടെ ഒരു നിരയുണ്ട് നമ്മുടെ ഓരോ പരീക്ഷകളിലും. അവരെ എങ്ങനെയാണ് നമ്മൾ കണ്ടില്ലെന്ന് നടിക്കുക. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയവനെ നമ്മുടെ നാട്ടുകൂട്ടങ്ങളും സംഘടനകളും അഭിനന്ദിക്കും അപ്പോൾ അത് കണ്ട് ദൂരെ മാറി നിൽക്കുന്ന തോറ്റു പോയ കുട്ടികളുണ്ട്. അവരോട് എങ്ങനെയാണ് നമ്മുടെ സമൂഹം നീതി പുലർത്തേണ്ടത്. അവരെയും പിടിച്ചു നിർത്തി അഭിനന്ദിക്കണം. തോറ്റുപോയവർക്ക് ജയത്തിലേക്കുള്ള വഴി കാണിച്ച് കൊടുക്കണം.
Also Read:വ്യായാമം ശീലമാക്കൂ; പ്രമേഹത്തെ അകറ്റാം!
നമ്മൾ ജയിച്ചത് കൊണ്ട് മാത്രം ഈ ലോകം ഭംഗിയാകുമോ ? നമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യരും ജയിക്കണം. ഒരുപാട് തോൽവികളെ ഒരിക്കലെങ്കിലും ജയം കൊണ്ട് മറികടക്കാമെന്ന തോന്നൽ
സമൂഹത്തിൽ നമ്മൾ സൃഷ്ടിക്കണം. ഒരു മത്സരത്തിൽ ഒപ്പം ഓടുന്നവരാണ് നമ്മൾ ഓരോരുത്തരും അതുകൊണ്ട് എല്ലാവരെയും നമ്മൾ പരിഗണിച്ചേ മതിയാകൂ. ജയിച്ചവരുടെ സന്തോഷങ്ങളിൽ ഇന്ന് മുങ്ങിപ്പോകുന്ന തോറ്റവരുടെ സങ്കടങ്ങളെയും നമ്മൾ അടയാളപ്പെടുത്തേണ്ടതുണ്ട്. ഒരുപക്ഷെ അങ്ങനെ തോറ്റു പോയവരിൽ ഒരു അബ്ദുൽ കലാമോ, ഒരു എബ്രഹാം ലിങ്കണോ ഉണ്ടായിരിക്കാം. അതുമല്ലെങ്കിൽ ഒരു ഐൻസ്റ്റീനോ, ജാൻസി റാണിയോ ഉണ്ടായിരിക്കും.
എല്ലാവരും അംഗീകരിക്കപ്പെടുമ്പോഴാണ് ഇവിടെ ജനാധിപത്യമുണ്ടാകുന്നത്. തോറ്റു പോയതിലല്ല ഒരു കുട്ടിയും തകർന്നു പോകാറുള്ളത്. തോൽവിയെ സമൂഹം കാണുന്ന രീതിയോടും തോറ്റു പോയവരോട് നമ്മൾ കാണിക്കുന്ന അരികുവത്ക്കരണത്തോടുമാണ് അവർ യഥാർത്ഥത്തിൽ തോൽവി സമ്മതിക്കാറുള്ളത്. പഠിച്ചവർക്ക് മാത്രം മൂല്യമുള്ള ഒരു നാടായി നമ്മുടേത് മാറുമ്പോൾ ഇവിടെ പഠിക്കാത്ത മനുഷ്യരാണ് ചരിത്രത്തിൽ അടയാളപ്പെട്ടതെന്ന് ആരും ഓർമ്മിക്കാറില്ല. തോറ്റവർ ഇപ്പോഴും നമ്മുടെയൊക്കെ ക്ലാസ്സുകളിൽ പിൻ ബെഞ്ചിൽ ഇരിക്കേണ്ടവരാണല്ലോ.
ഒരു തോൽവി കൊണ്ട് ഈ ഭൂമിയിൽ ഒരു നഷ്ടവും സംഭവിക്കുന്നില്ല. ഓരോ ജയങ്ങളും അടയാളപ്പെടുത്തുന്നത് പോലെതന്നെ ഓരോ പരാജയവും ഭൂമിയിൽ സ്വർണ്ണ ലിപികളിൽ തന്നെ അടയാളപ്പെടുന്നുണ്ട്. ഓർക്കുക തോറ്റവരുടെ തിളക്കമാണ് ജയിച്ചവർ കടം വാങ്ങുന്നത്.
സാൻ
Post Your Comments