Latest NewsIndia

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതി, ഇന്ത്യയുടെ മിസൈൽമാൻ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് 7 വയസ്

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിന്റെ മുഖമുദ്ര തന്നെ ലാളിത്യമായിരുന്നു. 1931 ഒക്ടോബർ 15 തമിഴ്നാട്ടിലെ രാമേശ്വരത്ത് സാധാരാണ കുടുംബത്തിലായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൾ കലാമിന്‍റെ ജനനം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരില്‍ ഒരാള്‍… ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരില്‍ ഒരാള്‍ കൂടിയായിരുന്നു.

മിസൈല്‍ മാന്‍, ഇന്ത്യയുടെ രാഷ്ട്രപതി, അതിലുമപ്പുറം വലിയൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. സമൂഹത്തിനെയൊന്നാകെ ഉത്തേജിപ്പിക്കാന്‍ കലാമിനു സാധിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാജ്യത്തിന്റെ പ്രഥമ പൗരന്‍മാരായ നിരവധിപേരെ നമ്മള്‍ കണ്ടു. എന്നാല്‍ ജനങ്ങളുടെ രാഷ്ട്രപതി എന്ന പദവിയിലെത്തിയ ഏക വ്യക്തി കലാം മാത്രമായിരുന്നു. ഏതു പ്രതിസന്ധിയിലും സംയമനം കൈവിടാത്ത കലാം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രചോദനമായിരുന്നു. ബഹിരാകാശ എന്‍ജിനീയറിംഗ് പഠനശേഷം ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനായി. വൈകാതെ അവിടെ നിന്നും ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയിലേയ്ക്ക്…

വിക്രം സാരാഭായി വിഭാവനം ചെയ്ത ദശവത്സര പദ്ധതിയിലൂടെ ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനത്തെ മുന്‍നിരയിലെത്തിക്കാന്‍ എ.പിജെ അബ്ദുള്‍ കലാമിന് കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഹ്രസ്വ, ദീര്‍ഘദൂര മിസൈലുകള്‍ കൊണ്ട് മൂന്ന് സേനകളെയും ആധുനികവല്‍ക്കരിച്ച കലാം ഇന്ത്യയുടെ മിസൈല്‍മാന്‍ എന്നറിയപ്പെട്ടു, ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുള്‍കലാം വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കി. അഗ്‌നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവ്. 1998ല്‍ പൊക്രാനിലെ നടന്ന രണ്ടാം ആണവായുധ പരീക്ഷണത്തിലും അബ്ദുള്‍ കലാമിന്റെ പങ്ക് വലുതായിരുന്നു.

രാഷ്ട്രപതിഭവന്റെ പടിയിറങ്ങിയതിനു ശേഷവും അവസാന നിമിഷം വരെ തന്നിലെ ജ്വാല, ഭാവിതലമുറയ്ക്ക് പകര്‍ന്നു നല്‍കിയാണ് കലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ വെട്ടിച്ച് പൊഖ്‌റാന്‍ 2 അണുബോംബ് പരീക്ഷണത്തിലൂടെ 1998 മേയില്‍ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്ട്രമാക്കാന്‍ നേതൃത്വം നല്‍കി. ആത്മകഥയായ അഗ്‌നിച്ചിറകുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ എഴുതി കലാം. മുപ്പതിലേറെ സര്‍വകലാശാലകളില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അദ്ദേഹത്തെ തേടിയെത്തി. പത്മഭൂഷനും, പത്മവിഭൂഷനും, രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും നല്‍കി രാജ്യം ആ പ്രതിഭയെ ആദരിച്ചു.

കുട്ടികളെയും യുവാക്കളെയും ഇത്രയേറെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച മറ്റൊരു വ്യക്തി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. 1.6 കോടി യുവാക്കളെ നേരിട്ടുകണ്ടാണ് തന്റെ ആശയങ്ങള്‍ പങ്കുവച്ചത്. കുട്ടികളെ മാത്രമല്ല എല്ലാവരെയും അദ്ദേഹം സ്‌നേഹിച്ചു. ഏവരുടെയും ബഹുമാനവും ആദരവും പിടിച്ചുവാങ്ങി. രാജ്യത്ത് അഴിമതിയില്ലാതാക്കാന്‍ നിയമമല്ല മൂല്യങ്ങളാണുണ്ടാകേണ്ടതെന്നാണ് അദ്ദേഹം ഉണര്‍ത്തിയത്. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ ക്ലാസെടുക്കുന്നതിനിടെയായിരുന്നു കലാം ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞ് വീഴുന്നത്. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button