എറണാകുളം: കയ്‌പേറിയ ജീവിത സാഹചര്യങ്ങളെ നേരിട്ട് കേരളാ പൊലീസില്‍ എസ്ഐ പദവിയിലേക്ക് എത്തിയ ആനി ശിവയെ അപമാനിച്ച് മുന്‍ ഐ.ജി കെ ലക്ഷ്മണയുടെ മകളായ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു. വളരെ മോശമായ രീതിയിലായിരുന്നു സംഗീത ആനി ശിവയെ അധിക്ഷേപിച്ചത്. ഇതിനെതിരെ പോലീസിൽ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്.ഐ ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് ചൂണ്ടി കാട്ടി ഹൈക്കോടതി അഭിഭാഷകന്‍ അഡോഫിന്‍ മാമച്ചനാണ് പരാതി നൽകിയത്.
‘വീട്ടുകാരെ ചതിച്ച് കണ്ടവന്‍റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവള്‍, വഴിവിട്ട ജീവിതം ജീവിച്ചത് കൊണ്ട് പെരുവഴിയിലായവള്‍, ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍’, എന്നിങ്ങനെയാണ് സംഗീത ലക്ഷ്മണയുടെ അധിക്ഷേപം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്. ആനി ശിവയെ വ്യക്തിഹത്യ ചെയ്ത വ്യക്തി താനടങ്ങുന്ന അഭിഭാഷക സമൂഹത്തില്‍ നിന്നുള്ളതാണെന്നും തങ്ങളെല്ലാം അവരുടെ നടപടിയെ ശക്തമായി തന്നെ അപലപിക്കുന്നതായും അവരെ ശിക്ഷിക്കണമെന്നും പരാതിക്കാരന്‍ അറിയിച്ചു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയിലുണ്ട്.
Also Read:മലപ്പുറത്ത് സദാചാര ഗുണ്ടകള്‍ 17കാരനെ മര്‍ദ്ദിച്ചതായി പരാതി
അതേസമയം, സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി ആനി ശിവ തന്നെ രംഗത്ത് വന്നിരുന്നു. ഓരോരുത്തര്‍ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച് ഓരോന്ന് പറയും, അവരവരുടെ ബുദ്ധിയും ചിന്തകളും വച്ചത് അവര്‍ പോസ്റ്റിടുന്നു. അതിന്റെ പിന്നാലെ പോകാനോ കേസ് നടത്താനോ തനിക്ക് താല്‍പര്യമില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ആനി ശിവ പ്രതികരിച്ചത്.
വീട്ടുകാരും ഭർത്താവും ഉപേക്ഷിച്ച് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സില്‍ തെരുവിലായ ആനി ഇനിയ എസ്‌ഐ ആണ്. തന്റെ വളര്‍ച്ച വ്യക്തമാക്കി ആനി തന്നെയായിരുന്നു ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. കേരളത്തില്‍ ഭര്‍തൃപീഡന വാര്‍ത്തകള്‍ ചര്‍ച്ചകളില്‍ നിറയുമ്പോഴാണ് ആനിയുടെ അതിജീവനം പുറത്ത് വരുന്നത്. വലിയ രീതിയിലായിരുന്നു ആനി ശിവയ്ക്ക് സോഷ്യൽ മീഡിയകളിൽ പിന്തുണ ലഭിച്ചത്.
Post Your Comments