കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന, രോഗിയായ യുവതിയുടെ കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് വനിതാ സിവിൽ പൊലീസ് ഓഫീസർ മുലയൂട്ടിയത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാട്ന സ്വദേശി അഞ്ജനയ്‌ക്ക് കുഞ്ഞിനെ ഏൽപ്പിക്കാൻ ആളില്ലാതെ വന്നതോടെയാണ് കൊച്ചി വനിതാ സിറ്റി പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ കുഞ്ഞിന്റെ പരിചരണം ഏറ്റെടുത്തത്. കൊച്ചി സിറ്റി വനിതാ സ്റ്റേഷനിലെ ആര്യ എന്ന പോലീസ് ഉദ്യോഗസ്ഥയാണ് ഈ ഉദാത്ത സ്നേഹത്തിന്‍റെ നല്ല മാതൃകയ്ക്ക് പിന്നില്‍. ആര്യയുടെ അമ്മമനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്.
കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു സംഭവത്തിന് കേരളം സാക്ഷിയായിരുന്നു. കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ചത് കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എം ആര്‍ രമ്യ ആയിരുന്നു. രമ്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതിയായ ആഹാരം ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപൂര്‍വ്വമായ പ്രവൃത്തി സേനയുടെ യശസ്സ് വര്‍ധിപ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി അഭിനന്ദിച്ചിരുന്നു.
Post Your Comments