തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കേരളത്തിലുടനീളം ആത്മഹത്യകൾ പെരുകുകയാണ്. തിരുവനന്തപുരത്ത് ലൈറ്റ് & സൗണ്ട് കടയുടമയായ മുറിഞ്ഞപാലം സ്വദേശി നിര്‍മല്‍ ചന്ദ്രനാണ് ഇപ്പോൾ കടബാധ്യത മൂലം ആത്മഹത്യ ചെയ്തിരിക്കുന്നത്. 54 വയസായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ടില്‍ നിന്നും കോഴിക്കട നടത്തിപ്പിലേക്ക് തിരിഞ്ഞിരുന്നു. ഇതിനിടെ വന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം.
നിര്‍മല്‍ ചന്ദ്രന് 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ സ്വര്‍ണം വരെ പണയത്തിലായിരുന്നു. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരുന്നുവെന്നും എന്നാല്‍ കടയുടെ വാടക നല്‍കാന്‍ പോലും പണം ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
കോവിഡ് കാലഘട്ടത്തിൽ കച്ചവടം ഇല്ലാതായതോടെയാണ് ഇദ്ദേഹം കോഴിക്കട ബിസിനസിലേക്ക് തിരിഞ്ഞത്. വായ്പയെടുത്തായിരുന്നു ബിസിനസ് ആരംഭിച്ചതെന്നും എന്നാല്‍ ഗ്രാമപ്രദേശമായതിനാല്‍ കച്ചവടം കുറവായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ബിരുദ വിദ്യാര്‍ത്ഥിയായ മകളുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം പണയത്തിലാണ്. വാടക കൊടുത്തിട്ട് മാസങ്ങളായെന്നും പ്രതിസന്ധിയെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
സാമ്പത്തിക പ്രയാസത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാകാം ആത്മഹത്യയെന്നാണ് നിഗമനം. സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 നും അനുബന്ധ പ്രശ്നനങ്ങളും വലിയ രീതിയിലാണ് സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്നത്. ഇതിനെതിരെ കൃത്യമായ സർക്കാർ ഇടപെടലുകളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
Post Your Comments