ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബന്ധമുള്ള ലഹരി വില്‍പ്പന സംഘം പിടിയില്‍. ഡാര്‍ക്‌നെറ്റ്, ഓണ്‍ലൈന്‍ വഴി സൈക്കോട്രോപിക് ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സംഘമാണ് പിടിയിലായത്. സംഭവത്തില്‍ എട്ട് പേരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരില്‍ നിന്നും 22 ലക്ഷം സൈക്കോട്രോപിക് ഗുളികകള്‍ പിടികൂടി. ഇതിന് പുറമെ, കോഡിന്‍ അടങ്ങിയിരിക്കുന്ന 70,000 കുപ്പി ചുമയുടെ മരുന്നുകള്‍, 245 കിലോ ഗ്രാം സൈക്കോട്രോപിക് മരുന്നുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സൈക്കോട്രോപിക് മരുന്നുകള്‍ ഇന്ത്യയില്‍ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പിന്നില്‍ കള്ളക്കടത്ത് ശൃംഖലയ്ക്ക് വലിയ പങ്കുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്.
ഓര്‍ഡര്‍ സ്വീകരിക്കുന്നയാള്‍ക്കും നല്‍കുന്നവര്‍ക്കും ഇടയില്‍ അപരിചിതത്വം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റ് ഹോസ്റ്റ്, ഇന്റര്‍നെറ്റ് ഫാര്‍മസികള്‍ എന്നിവ വഴിയായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തി. പ്രതികള്‍ക്ക് അമേരിക്കയിലും കാനഡയിലും ഉള്ളവരുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments