നാസിക്: കോവിഡ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചു വെന്ന വിചിത്രവാദവുമായി മധ്യവയസ്കൻ. രണ്ടാം ഡോസ് വാക്സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചുവെന്നാണ് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ അരവിന്ദ് സോണർ എന്നയാൾ അവകാശപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
വാക്സിൻ എടുത്ത ശേഷം തന്റെ ശരീരത്തിൽ ലോഹ വസ്തുക്കൾ ഒട്ടിപ്പിടിക്കുന്നുവെന്ന് അരവിന്ദ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. നാണയങ്ങളും സ്പൂണുകളും പാത്രങ്ങളുമെല്ലാം അരവിന്ദിന്റെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ. വിയർപ്പ് കാരണം ശരീരത്തിൽ നാണയങ്ങൾ ഒട്ടുന്നുവെന്നായിരുന്നുആദ്യം കരുതിയതെന്നും, എന്നാൽ കുളിച്ച് വൃത്തിയായ ശേഷവും ലോഹങ്ങൾ ഒട്ടിപ്പിടിക്കാൻ തുടങ്ങിയതോടെയാണ് ബന്ധുക്കളടക്കം ഇക്കാര്യം വിശ്വസിച്ചതെന്നും അരവിന്ദ് പറയുന്നു.
അതേസമയം, വാക്സിനേഷനുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും, വാക്സിനും കാന്തിക ശക്തിയുമായി ചേർത്ത് പ്രചരിപ്പിക്കുന്ന വാർത്തകൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും വിവരമറിഞ്ഞ് സോണറിനെ സന്ദർശിച്ച നാസിക് മുൻസിപ്പൽ കോർപ്പറേഷനിലെ ഡോക്ടർമാർ വിശദീകരിച്ചു. അരവിന്ദിന്റെ ആരോഗ്യ സ്ഥിതിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. കൂടുതൽ പഠനത്തിന് ശേഷമേ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമാവുകയുള്ളൂ എന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
Post Your Comments