തിരുവനന്തപുരം: സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ വരുംവിധം കേരളത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി പുതിയ കോഴ്സുകളും പശ്ചാത്തല സൗകര്യവികസനവും സര്‍വകലാശാലകളും വിദ്യഭ്യാസ സ്ഥാപനങ്ങളും ഉണ്ടാകും. നമ്മുടെ നാട് ജീവിക്കാന്‍ പറ്റാത്ത നാടായി എന്ന് വിഷമിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത് ഒറ്റദിവസംകൊണ്ട് നേടാനാകില്ല. നമ്മുടെ കുട്ടികള്‍ പുറത്തേക്കുപോകുന്നതില്‍ ഒരാശങ്കയും ഉണ്ടാകേണ്ടതില്ല. ലോകത്ത് ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ഒരു രാജ്യത്തുനിന്ന് കോവിഡ് കാലത്ത് എങ്ങനെയെങ്കിലും കേരളത്തിലെത്തണമെന്ന് മലയാളികള്‍ ആഗ്രഹിച്ചു. നമ്മളൊരുക്കിയ സൗകര്യങ്ങളെ മറികടന്നുപോകാന്‍ കോവിഡിനുമായില്ലെന്ന് അദേഹം പറഞ്ഞു.
നേരത്തെ, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ അവസരങ്ങള്‍ തേടി യുവാക്കള്‍ നാടുവിടേണ്ട അവസ്ഥയാണെന്ന് അദേഹം പറഞ്ഞു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് പി.എം.ജി ലൂര്‍ദ് പള്ളിയില്‍ പൗരസമൂഹം നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ലെന്നു പലര്‍ക്കും തോന്നലുണ്ട്. ഇവിടെനിന്നു രക്ഷപ്പെടാന്‍ എവിടെയെങ്കിലും പോകണമെന്ന തോന്നലുണ്ട്. ഇതു സഭയുടെ മാത്രം പ്രശ്‌നമല്ല, യുവജനങ്ങളുടെ പ്രശ്‌നമാണ്. ഇവിടെ ജീവിച്ചു വിജയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട് എന്നു ബോധ്യപ്പെടുത്തണം. അതിനു സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു.
Post Your Comments