Latest NewsUAENewsGulfCrime

യുവാവിനെ ഉപദ്രവിച്ച് പണം തട്ടിയ സംഭവം: പ്രതികൾക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി

ദുബൈ: യുവാവിന്റെ സ്വകാര്യ ശരീരഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ നാല് നൈജീരിയന്‍ പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം തടവിന് വിധിച്ച് കോടതി. ദുബൈ പ്രാഥമിക കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. സൗദിയില്‍ നിന്നെത്തിയ 37കാരനായ യുവാവാണ് പ്രതികളുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായത്.

മൂന്ന് മണിക്കൂറോളം ഒരു അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവാവിനെ പൂട്ടിയിട്ട് ദേഹോപദ്രവം ഏൽപ്പിച്ചു. ഡേറ്റിങ് ആപ്ലിക്കേഷനിലൂടെ ഒരു യുവതി തനിക്ക് മെസേജ് അയച്ചുവെന്നും പിന്നീട് നേരിട്ട് കാണാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്മെന്റിലെത്താനായിരുന്നു നിര്‍ദേശം നൽകിയത്. ഇതനുസരിച്ച് സ്ഥലത്തെത്തിയപ്പോള്‍ ഒരു ആഫ്രിക്കന്‍ വനിത വാതില്‍ തുറന്നു. തനിക്ക് സന്ദേശമയച്ച യുവതി ഇപ്പോള്‍ എത്തുമെന്ന് അറിയിച്ച അവര്‍ അപ്പാര്‍ട്ട്മെന്റില്‍ അല്‍പനേരം കാത്തിരിക്കാനും പറഞ്ഞു.

തുടര്‍ന്ന് സ്ഥലത്തെത്തിയ നാല് നൈജീരിയന്‍ സ്വദേശികളായ പുരുഷന്മാര്‍ ഇയാളെ മർദ്ദിക്കുകയായിരുന്നു. നാലോ അഞ്ചോ സ്‍ത്രീകളും ഇവര്‍ക്കൊപ്പം തന്നെ മർദ്ദിച്ചുവെന്ന് യുവാവ് പറഞ്ഞു. കൈകള്‍ കെട്ടിയ ശേഷം തന്നെ നഗ്നനാക്കുകയും ഒരു സ്‍ത്രീ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിക്കുകയുമായിരുന്നു. മറ്റുള്ളവര്‍ ഈ ദൃശ്യങ്ങള്‍ പകർത്തുകയുണ്ടായി. തന്റെ ഫോണിലെ ബാങ്കിങ് ആപ്ലിക്കേഷന്‍ തുറക്കാനും ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍ നമ്പര്‍ നല്‍കാനും ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ചു. കണ്ണിലും ചെവിയിലും മർദ്ദിക്കുകയുണ്ടായി.

അല്‍പനേരം പ്രതിരോധിച്ചെങ്കിലും പിന്നീട് പിന്‍ നമ്പര്‍ നല്‍കി. മൂന്ന് സ്‍ത്രീകള്‍ കാര്‍ഡുകളുമായി പണം പിന്‍വലിക്കാന്‍ പുറത്തേക്ക് പോയി എന്നാല്‍ ഇവര്‍ തിരികെ വന്ന് പിന്‍ നമ്പര്‍ തെറ്റാണെന്ന് അറിയിച്ചു. ഇതോടെ വീണ്ടും സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ചു. ബോധരഹിതനായ യുവാവിന് പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ രണ്ട് പേര്‍ മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. ഇവരും അല്‍പസമയം കഴിഞ്ഞ് സ്ഥലംവിട്ടു.

ഏറെനേരെ കഴിഞ്ഞ് ബോധം വീണപ്പോൾ യുവാവ് പുറത്തിറങ്ങുകയായിരുന്നു. കെട്ടിടത്തിന്റെ താഴെയെത്തിയ ഇയാള്‍ അവിടെ കണ്ട പൊലീസ് പെട്രോൾ സംഘത്തെ കാര്യം അറിയിച്ചു. സമാന രീതിയില്‍ പീഡനമേല്‍ക്കുകയും പണം നഷ്‍ടമാവുകയും ചെയ്‍ത ഒരു ഇന്ത്യക്കാരനും ഈ സമയം പൊലീസ് സംഘത്തോട് കാര്യങ്ങള്‍ വിവരിക്കുന്നുണ്ടായിരുന്നു. യുവാവിനെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം കാരണം യുവാവിന് 10 ശതമാനം സ്ഥിര വൈകല്യം സംഭവിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് നാല് നൈജീരിയക്കാരെ അറസ്റ്റ് ചെയ്തു. എല്ലാവരും 24നും 35നും ഇടയില്‍ പ്രായമുള്ളവരാണ്. തടങ്കലില്‍വെയ്ക്കല്‍, മോഷണം, ലൈംഗിക പീഡനം, ശാരീരിക ഉപദ്രവം, വൈകല്യമുണ്ടാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രതികളില്‍ ചിലര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button