
കാസർകോട്: ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മഞ്ചേശ്വരം കുഞ്ചത്തൂർ അടക്കയിലാണ് സംഭവം. കർണാടക ഉഡുപ്പി മുൽക്കിയിലെ മുഹമ്മദ് ഷെരീഫി(58) ൻ്റെ മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് നാട്ടുകാർ കിണറ്റിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ആണെന്ന് കണ്ടെത്തിയത്. മംഗളൂർ റയാൻ ഇൻ്റർനാഷണൽ സ്കൂൾ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി (28) സംഭവത്തിൽ അറസ്റ്റിലായി.
അഭിഷേക് ഷെട്ടി ഓടിച്ചിരുന്ന സ്കൂൾ ബസിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പു മുഹമ്മദ് ഷെറീഫുമായി തർക്കം ഉണ്ടായിരുന്നു. ഈ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ വാടകക്ക് വിളിച്ചു കൊണ്ടുവന്നാണ് കുത്തി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയത്.
വ്യാഴാഴ്ച വൈകിട്ട് കുഞ്ചത്തൂർ അടുക്കയിലെ ഒഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയിട്ടത് കണ്ട നാട്ടുകാർ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി മുതൽ മുഹമ്മദ് ഷെരീഫിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മുൽക്കി പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ദേഹത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. കിണറിന് സമീപം ചോരപ്പാടുകളുണ്ടായിരുന്നു. ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Post Your Comments