ബംഗളൂരു: കർണാടകയിൽ ആറുവയസുകാരൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിന് 50കാരനായ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ചിക്മംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതക ശ്രമത്തിനാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. ആറ് വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഡോ. ദീപകിനെ ചിക്മംഗളൂരുവിലെ തിരക്കേറിയ ടൗണിൽ വെച്ച് ഒരു സംഘം ആളുകൾ ആക്രമിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ‘സംഭവം നടന്ന് 18 മണിക്കൂറിനകം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച ആറ് വയസുകാരനായ ഭുവനെ ഡോ. ദീപക്കായിരുന്നു ചികിത്സിച്ചത്. കുട്ടിയുടെ ആരോഗ്യ നില വഷളായതോടെയാണ് ചികിത്സക്കായി ഷിമോഗയിലേക്ക് മാറ്റിയത്. ശേഷം കുട്ടി മരിച്ചു. അറസ്റ്റിലായവരിൽ ഒരാൾ മരിച്ച കുട്ടിയുടെ ബന്ധുവാണ്. ബാക്കി മൂന്ന് പേർ ഇയാളുടെ സുഹൃത്തുക്കളാണ്’.
ആക്രമണത്തിൽ പരിക്കേറ്റ ഡോ. ദീപക് ഷിമോഗയിൽ ചികിത്സയിലാണ്. ആരോഗ്യപ്രവർത്തകർക്കെതിരെ ഇത്തരം ആക്രമണങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ലീഗൽ സെൽ രൂപീകരിക്കണമെന്നാവിശ്യപ്പെട്ട് റസിഡൻറ് ഡോക്ടർമാർ കർണാടക മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി.
Post Your Comments