കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഒമാൻ; ഇളവുകൾ ഇങ്ങനെ

രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള വ്യാപാര വിലക്ക് പിന്‍വലിക്കുന്നതിനും തീരുമാനമായി

മസ്‍കറ്റ്: ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവുമായി സുപ്രീം കമ്മിറ്റി. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്‍കാരത്തിനായി തുറക്കാന്‍ അനുവദിച്ചു. ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പള്ളികളില്‍ പരമാവധി 100 പേര്‍ക്ക് പ്രവേശനം നൽകാനും തീരുമാനമായി. അതേസമയം, വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‍കാരങ്ങള്‍ക്ക് അനുവാദം നൽകിയിട്ടില്ല.

രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള വ്യാപാര വിലക്ക് പിന്‍വലിക്കുന്നതിനും തീരുമാനമായി. വ്യാപാരസ്ഥാപനങ്ങളും, ഷോപ്പിങ് കോംപ്ലക്സുകളിലും, ഭക്ഷണശാലകളിലും പരമാവധി ശേഷിയുടെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കാനും തീരുമാനമായി.

പ്രതിരോധ നടപടികൾ ഫലം കാണുന്നു; ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നു; ഇന്നത്തെ കണക്കുകൾ അറിയാം

ആളുകള്‍ ഒത്തുചേരുന്ന മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍, എക്സിബിഷനുകള്‍, വിവാഹ ഹാളുകള്‍, എന്നിവയ്ക്കും പ്രവർത്തനാനുമതി നൽകി. ഇവിടങ്ങളിൽ ആകെ ശേഷിയുടെ 30 ശതമാനം പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ അനുവദിക്കുകയുള്ളൂ. ഇത്തരം സ്ഥാപനങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരമാവധി 300 പേര്‍ക്കാണ് അനുമതി നൽകിയിട്ടുള്ളത്. തൊഴിലുടമയില്‍ നിന്നുള്ള രേഖ ഹാജരാക്കിക്കൊണ്ട് ഒമാനില്‍ താമസിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നതിനും അനുവാദം നൽകിയിട്ടുണ്ട്.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയും സുരക്ഷാ നിബന്ധനകളും പാലിച്ചും പൊതു ഇടങ്ങളിലും ബീച്ചുകളിലും പബ്ലിക് പാര്‍ക്കുകളിലും പ്രവേശിക്കാം. 50 ശതമാനം ആളുകളെ വെച്ച് ജിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും, ഔട്ട്ഡോര്‍ ഗ്രൂപ്പ് സ്‍പോര്‍ട്സിനും സുപ്രീം കമ്മറ്റി അനുവാദം നൽകിയിട്ടുണ്ട്.

Share
Leave a Comment