
കൊച്ചി: പെരുമ്പാവൂർ ഇരിങ്ങോളിൽ പെൺസുഹൃത്തിന്റെ വീടിന് നേരെ ആക്രമണവുമായി യുവാവ്. കൊല്ലം സ്വദേശിയായ അനീഷാണ് യുവതിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. വീട്ടിലെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് ഇയാൾ തീയിട്ടു. ആക്രമണത്തിൽ വീടിനും കേടുപാടുകളുണ്ടായി.
അനീഷുമായുള്ള സൗഹൃദത്തിൽ നിന്നും യുവതി പിന്മാറിയതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു സുഹൃത്തിന്‍റെ വാഹനത്തിന് പ്രതി തീയിട്ടു. ഈ വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ അനീഷിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം സ്വദേശിയായ അനീഷ് ഇന്ന് പുലർച്ചെയാണ് പെരുമ്പാവൂരിലെ യുവതിയുടെ വീട്ടിൽ എത്തുന്നത്. അനീഷും യുവതിയും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു എന്നാൽ അടുത്തിടെ യുവതി ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇയാൾ പല തവണ വാതിലിൽ മുട്ടിയെങ്കിലും ആരും വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. തുടർന്നാണ് യുവാവ് വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന യുവതിയുടെ മറ്റൊരു സുഹൃത്തിന്‍റെ ബൈക്കിനും വീടിനും തീയിട്ടത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. വീടിന്‍റെ ചില ഭാഗങ്ങൾക്കും തീപിടിത്തത്തിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. തീ പടർന്ന് പിടിക്കാതിരുന്നതിനാൽ വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു.
Post Your Comments