
തിരുവനന്തപുരം: വിഷു, ഈസ്റ്റർ, തുടങ്ങിയ ഉത്സവ സീസണുകളിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളികൾക്കായാണ് വിഷു അവധിക്കാല ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.മംഗലാപുരത്ത് നിന്നും ബെംഗളൂരുവിൽ നിന്നുമാണ് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടാവുക.
മംഗളൂരു – തിരുവനന്തപുരം, ബെംഗളൂരു – തിരുവനന്തപുരം സെൻട്രൽ സ്‌പെഷൽ ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചത്. അവധിക്കാലമായതിനാൽ സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയത് യാത്രക്കാർക്ക് കൂടുതൽ വെല്ലുവിളിയായിരുന്നു.
ശനിയാഴ്‌ചകളിൽ മംഗലാപുരത്ത് നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്‌ച രാവിലെ തിരുവനന്തപുരം സെൻട്രലിൽ എത്തുകയും തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്‌ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്‌ച രാവിലെ മംഗലാപുരത്ത് എത്തുകയും ചെയ്യുന്ന വിധത്തിലാണ് ട്രെയിൻ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.കൂടാതെ എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്‌പെഷൽ ട്രെയിനുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ 11, 18, 25, മെയ് – രണ്ട്, ഒമ്പത്, 16, 23, 30 എന്നീ തീയതികളിൽ രാത്രി 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 2.00 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. ഈ യാത്രയിൽ സ്ലീപ്പറിന് 450 രൂപയും എസി ത്രീ ടയറിന് 1220 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.
Post Your Comments