കോവിഡ് അതിവ്യാപനത്തിൽ സംസ്ഥാനം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് വിജയാഘോഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി കേക്ക് മുറിച്ചു ആഘോഷിക്കുന്നത്. ജനങ്ങൾക്ക് മാതൃകയാവേണ്ട നേതാക്കൾ തന്നെ ഇത്തരത്തിലുള്ള ലംഘനങ്ങൾ നടത്തുമ്പോൾ എങ്ങനെയാണ് ഇവിടെ ജനാധിപത്യം പൂർണ്ണമാവുക. ജനങ്ങൾക്ക് ഒരു നീതി നേതാക്കൾക്ക് മറ്റൊരു നീതി എന്നതാണ് ഇപ്പോൾ കേരളത്തിലെ സ്ഥിതി. ജനങ്ങൾ ആവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുമ്പോൾ പുറത്ത് നേതാക്കൾ ആഘോഷിക്കുകയാണ്, ജീവിതവും, ജയങ്ങളും.
Also Read:ജോഫ്ര ആർച്ചർക്ക് വീണ്ടും പരിക്ക്, ന്യൂസിലാന്റ് പരമ്പരയ്ക്കുണ്ടാവില്ല
ഇതാണോ മാതൃക ? ഗൗരിയമ്മയുടെ സംസ്കാരചടങ്കിൽ കൂട്ടം കൂടിയതും സത്യപ്രതിജ്ഞയിൽ ആളെക്കൂട്ടാൻ തയ്യാറെടുക്കുന്നതുമാണോ കേരള മോഡൽ. ഈ ജനങ്ങൾ വിശ്വാസമുള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു സർക്കാരിനെ വീണ്ടും ഭരണത്തിലേക്ക് പിടിച്ചുയർത്തിയത് എന്നിട്ട് ജനങ്ങൾക്കില്ലാത്ത എന്ത് സ്വാതന്ത്ര്യമാണ് നിങ്ങൾ അനുഭവിക്കുന്നത്. അതിനുള്ള അർഹത നിങ്ങൾക്ക് മാത്രമായി ഒതുങ്ങിപ്പോയത് എന്താണ്. ഞങ്ങൾക്കും ആഘോഷിക്കണം, ഞങ്ങൾക്കും നടക്കണം, ഞങ്ങളുടെ പ്രിയപ്പെട്ടവരും മരിച്ചു പോയിട്ടുണ്ട്, ഞങ്ങളെയും അതിനൊക്കെ അനുവദിക്കൂ.
ഇതൊരു ജനാധിപത്യ രാജ്യമാണ്, ഇവിടെ ജനങ്ങളാണ് ശരി. ആ ജനങ്ങളെ സംരക്ഷിക്കേണ്ടവർ മാത്രമാണ് നിങ്ങൾ. അല്ലാതെ ജനങ്ങളെ പേടിപ്പിച്ചു ജീവിക്കുന്നതിൽ എന്ത് ജനാധിപത്യമാണ് പുലരുന്നത്. ആവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തു പോകുമ്പോൾ പോലീസിന്റെയും അധികാരികളുടെയും ഉപദേശശരങ്ങൾ ഏറ്റുകൊണ്ടാണ് ഞങ്ങൾ ജനങ്ങൾ വീടുകളിലേക്കെത്തുന്നത്. അതെ സമയം കൊടിനാട്ടിയ നിങ്ങളുടെ വണ്ടികൾക്ക് മാത്രം എങ്ങോട്ടാണെന്ന ചോദ്യവും പറച്ചിലും പോലുമില്ല. സൂക്ഷിക്കേണ്ടതിപ്പോൾ ഞങ്ങളല്ല.നിങ്ങൾ അധികാരികൾ തന്നെയാണ്.
-മുഹമ്മദ് സാൻ
Post Your Comments