ഹൈദരാബാദ് : തെലങ്കാന ആവശ്യപ്പെട്ടത് അനുസരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമാണ് ഉപാധികളോടെ കോവിഡ് വാക്‌സിൻ എത്തിക്കാൻ ഡ്രോണുകൾക്ക് അനുമതി നൽകിയത്.
ദൗത്യം വിജയമായാൽ രാജ്യത്ത് യാത്രാസൗകര്യങ്ങൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിൽ കൊറോണ വാക്‌സിൻ എത്തിക്കാനുളള പ്രവർത്തനങ്ങൾക്ക് ഇത് വേഗം പകരുമെന്നാണ് വിലയിരുത്തൽ. കാഴ്ചയുടെ ദൂരപരിധിക്കപ്പുറം പരീക്ഷണാടിസ്ഥാനത്തിൽ വാക്‌സിൻ ഡെലിവറിക്കായി ഡ്രോണുകൾ പറത്താനുളള അനുമതിയാണ് നൽകിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് തെലങ്കാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഡ്രോണുകൾ ഉപയോഗിച്ച് സാധനങ്ങൾ കൈമാറുന്നതിനും കൊണ്ടിടുന്നതിനും ഭക്ഷണം ഉൾപ്പെടെയുളള സാധനങ്ങൾ ഡ്രോൺ ഉപയോഗിച്ച് കൈമാറ്റം ചെയ്യുന്നതിനും അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം ചട്ടങ്ങളിലൂടെ സർക്കാർ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഈ ചട്ടങ്ങളിൽ ഇളവ് നൽകിയാണ് പരീക്ഷണങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഒരു വർഷത്തേയ്ക്കോ തുടർന്നുള്ള ഉത്തരവുകൾ വരെയോ ആണ് ഇളവുകൾ. കേന്ദ്ര വ്യോമയാന മന്ത്രാലയം ഭാവിയിൽ പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായിരിക്കും ഈ ഇളവുകൾ നിലനിൽക്കുക.
ഭൗമോപരിതലത്തിൽ നിന്ന് പരമാവധി 400 മീറ്റർ ഉയരത്തിൽ മാത്രമേ ഡ്രോൺ പറത്താവൂ എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഇടയിൽ മാത്രമേ ഡ്രോൺ ഓപ്പറേഷൻ അനുവദിക്കൂ. പരീക്ഷണങ്ങൾക്ക് ശേഷം തെലങ്കാന സർക്കാർ വ്യോമയാന മന്ത്രാലയത്തിനും ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും റിപ്പോർട്ട് കൈമാറും. ഇതിനുസരിച്ചായിരിക്കും തുടർന്നും അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Post Your Comments