ദുബായ് : വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ദുബായ് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. 2025 ജനുവരി 8-നാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് വ്യക്തികൾ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജനുവരി 7 മുതൽ ഒഴിവാക്കാനുള്ള യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.
ദുബായിൽ വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്നും, ഇതുമായി ബന്ധപ്പെട്ട പുതിയ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് അധികൃതർ അവലോകനം ചെയ്ത് വരികയാണെന്നും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദുബായിലെ ആകാശപ്പരപ്പിന്റെ സുരക്ഷ മുൻനിർത്തിയാണിതെന്നും, എമിറേറ്റിൽ വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നത് ദുബായിലെ നിയമങ്ങൾക്കും, നിയന്ത്രണങ്ങൾക്കും വിധേയമായാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത പിന്നീട് നൽകുമെന്നും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി കൂട്ടിച്ചേർത്തു.
Post Your Comments