Latest NewsKeralaNews

ന്യായ് പദ്ധതിയും കൊണ്ടിറങ്ങുമ്പോൾ ജനം കൂവുന്നതിന് കാരണമുണ്ട്; യുഡിഎഫിനെതിരെ തോമസ് ഐസക്ക്

യുഡിഎഫിനെതിരെ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിച്ച വാദത്തിന്റെ പശ്ചാത്തലത്തിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. ഉമ്മന്‍ചാണ്ടിയുടെ 5 വര്‍ഷക്കാലത്തെ ഭരണത്തില്‍ ക്ഷേമ പെന്‍ഷന്‍ ആകെ നല്‍കിയത് 9311 കോടി രൂപയാണ് എന്ന വസ്തുത ഉമ്മന്‍ചാണ്ടിക്ക് നിഷേധിക്കാനാകുമോ എന്നും തോമസ് ഐസക്ക് ചോദിക്കുന്നു. ഉത്തരവിറക്കി പറ്റിച്ചതല്ലാതെ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തതേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം………………………..

ക്ഷേമ പെൻഷനുകളുടെ വിതരണം യുഡിഎഫ് ഭരണകാലത്ത് ഇന്നത്തേതിനേക്കാൾ കേമമായിരുന്നു എന്നാണ് യുഡിഎഫിൻ്റെ വാദം. ഇക്കാര്യത്തിൽ ഉളുപ്പില്ലായ്മയുടെ വില്ലും കുലച്ച് നിൽക്കുന്നത് സാക്ഷാൽ ഉമ്മൻചാണ്ടിയാണ്. ക്ഷേമ പെൻഷനുകൾ സ്ലാബ് അടിസ്ഥാനത്തിൽ 800 രൂപ മുതൽ 1100 രൂപ വരെ ഉയർത്തി 2014 സെപ്റ്റംബർ 10 ന് ഉത്തരവ് ഇറക്കിയിട്ടുണ്ട് എന്നാണ് അദ്ദേഹത്തിൻ്റെ അവകാശ വാദം. 80 വയസ്സു കഴിഞ്ഞവർക്ക് 1100 രൂപയാണ് ഉത്തരവ് പ്രകാരം പെൻഷൻ. പിന്നെ എൻ്റെയൊരു നിയമസഭ ചോദ്യത്തെ വളച്ചൊടിച്ചു ഭരണമൊഴിഞ്ഞപ്പോൾ കുടിശ്ശിക ഒന്നും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വാദിക്കുന്നു.

Read Also  :  കടകംപള്ളി അടക്കമുള്ളവർ മലക്കം മറിഞ്ഞു; അന്നും ഇന്നും നിലപാട് മാറ്റാതെ എന്‍എസ്‌എസ്, അഭിമാനിക്കുന്നുവെന്ന് നേതൃത്വം

സ്ലാബുകളും ചില അപൂർവ്വ വിഭാഗങ്ങൾക്ക് നിരക്കിൽ വരുത്തിയ വർദ്ധനയുമെല്ലാം നിൽക്കട്ടെ. ഉമ്മൻചാണ്ടിയുടെ 5 വർഷക്കാലത്തെ ഭരണത്തിൽ ക്ഷേമ പെൻഷൻ ആകെ നൽകിയത് 9311 കോടി രൂപയാണ് എന്ന വസ്തുത ഉമ്മൻചാണ്ടിക്ക് നിഷേധിക്കാനാകുമോ? ഇപ്പോൾ നൽകിയ മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷനും കൂടി ചേർത്താൽ 5 വർഷ എൽഡിഎഫ് ഭരണകാലത്ത് 35157 കോടി രൂപ പെൻഷനു വേണ്ടി വിതരണം ചെയ്തിട്ടുണ്ട്. യുഡിഎഫിൻ്റെ ഏതാണ്ട് 4 മടങ്ങാണ് പെൻഷനായി നൽകിയിട്ടുള്ളത്.
ഇതിൽ യുഡിഎഫ് ഭരണകാലത്ത് കുടിശ്ശികയായ 1473 കോടി രൂപയും ഉൾപ്പെടും. വാർദ്ധക്യകാല പെൻഷൻ 804 കോടി, കർഷക തൊഴിലാളി പെൻഷൻ 100 കോടി, വിധവാ പെൻഷൻ 449 കോടി, വികലാംഗ പെൻഷൻ 95 കോടി, അവിവാഹിത പെൻഷൻ 26 കോടി എന്നിങ്ങനെയായിരുന്നു കുടിശ്ശികയുണ്ടായിരുന്നത്. എന്നിട്ടും കുടിശ്ശിക ഇല്ലായെന്ന് വാദിക്കുവാൻ എൻ്റെ നിയമസഭ ചോദ്യോത്തരത്തിനെ വളച്ചൊടിക്കുകയാണ് ഉമ്മൻചാണ്ടി.

മാത്രമല്ല, ഇടതുപക്ഷ സഹകരണ ബാങ്കുകൾ മനപൂർവ്വം പെൻഷൻ വിതരണം ചെയ്യാതിരുന്നതാണ് എന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. ഉമ്മൻചാണ്ടിയുടെ വാദങ്ങൾ എത്ര അസംബന്ധമാണെന്ന് മനസ്സിലാക്കുവാൻ ഈ ഒരൊറ്റ കാര്യത്തിൻ്റെ ഉള്ളിതൊലി പൊളിച്ചാൽ മതി. സഹകരണ ബാങ്കുകൾ വഴി വീടുകളിൽ പണമെത്തിക്കുന്നത് എൽഡിഎഫ് നടപ്പാക്കിയ പരിപാടിയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് ഡിബിറ്റി സമ്പ്രദായം മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ സഹകരണ ബാങ്കുകൾ ഉൾപ്പെടില്ല.
ഞാൻ അദ്ദേഹത്തിൻ്റെ മുൻപിൽ വയ്ക്കുന്ന രേഖ 2015 ജൂലൈ 2 ന് പഞ്ചായത്തും, സാഹൂഹ്യനീതിയും വകുപ്പ് മന്ത്രി എം.കെ. മുനീർ നിയമസഭയിൽ നൽകിയ ഉത്തരമാണ്. നക്ഷത്രചിഹ്നമിടാത്ത 1644 നമ്പർ ചോദ്യം ചോദിച്ചത് രാജു എബ്രഹാം.

Read Also  :  തെലങ്കാനയിൽ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 87 പേര്‍ക്ക് കോവിഡ് ബാധ

2014 സെപ്റ്റംബർ മാസം മുതൽ വാർദ്ധക്യകാല പെൻഷൻ കുടിശ്ശികയാണെന്ന് എം.കെ. മുനീർ നിയമസഭയ്ക്കു മുൻപാകെ സമ്മതിച്ചു. അതായത് പെൻഷൻ വർദ്ധിപ്പിച്ച് 2014 സെപ്റ്റംബറിൽ ഉത്തരവ് വന്നതേയുള്ളൂ. ഒരു രൂപയും ആർക്കും കൊടുത്തിട്ടില്ല. വർദ്ധിപ്പിച്ച തുകയും കൊടുത്തിട്ടില്ല, പുതുക്കിയ തുകയും കൊടുത്തിട്ടില്ല. അതിനുശേഷം എപ്പോഴാണ്, എത്ര രൂപയാണ് ആ കുടിശ്ശിക തീർക്കുവാൻ യുഡിഎഫ് സർക്കാർ അനുവദിച്ചത്? ആ ഉത്തരവ് തന്നാട്ടേ.

മുനീറിൻ്റെ മേൽ പറഞ്ഞ മറുപടി അനുസരിച്ച് വിധവാ പെൻഷനും വികലാംഗ പെൻഷനും 50 വയസ്സിനു മുകളിൽ മേൽ പ്രായമുള്ള അവിവാഹിത പെൻഷനും 10 മാസത്തോളവും കർഷക പെൻഷൻ ഒരു വർഷവും കുടിശ്ശികയായിരുന്നു. അന്ന് ആകെ പെൻഷൻകാർ 33 ലക്ഷമാണ്. 2014 സെപ്റ്റംബർ മുതൽ 2015 ജൂലൈ വരെ അത്രയും പേർക്ക് പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നുവെന്ന് നിങ്ങളുടെ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. പിന്നീട് എപ്പോഴാണ് ഈ തുക മുഴുവൻ നിങ്ങൾ കൊടുത്തു തീർത്തത്? ആ ഉത്തരവ് ജനങ്ങളെ കാണിക്കേണ്ടതാണ്.
2014 സെപ്റ്റംബറിൽ വർദ്ധിപ്പിച്ച പെൻഷൻ മാസങ്ങളോളം കുടിശ്ശികയാക്കിയ യുഡിഎഫ് സർക്കാർ 2016 ല്‍ മാർച്ചിൽ വാർദ്ധക്യകാല പെൻഷൻ 1500 രൂപയാക്കി ഉത്തരവ് പുറപ്പെടുവിച്ചു പോലും. അതുകണ്ട് 13 ലക്ഷത്തോളം വൃദ്ധജനങ്ങൾ യുഡിഎഫിനെ മുഖമടച്ചു ആട്ടിയതുകൊണ്ടുകൂടിയാണ് ആ തിരഞ്ഞെടുപ്പിൽ നിങ്ങൾ തോറ്റു തൊപ്പിയിട്ട് പ്രതിപക്ഷത്തിരുന്നത്.

Read Also  :  ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി 15 ഓളം യുവതികള്‍; ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങള്‍ വൈറല്‍

ഉത്തരവിറക്കി പറ്റിച്ചതല്ലാതെ ഉമ്മൻചാണ്ടിയുടെ സർക്കാർ പെൻഷൻ കുടിശ്ശിക വിതരണം ചെയ്തതേയില്ല. എന്നിട്ട് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒരു മാസത്തെ പെൻഷനായി 246 കോടി രൂപ അനുവദിച്ച് ഉത്തരവുമിറക്കി. അതും വിതരണം ചെയ്തില്ല. അതിന്‍റെ ഉത്തരവാദിത്വം ഇടതുപക്ഷ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടി വയ്ക്കുന്നു.

ഇതുപോലയാണ് ഉമ്മൻചാണ്ടിയുടെ ക്ഷേമ കാര്യങ്ങൾ സംബന്ധിച്ച മറ്റു വാദങ്ങളും. സൗജന്യ റേഷൻ നിർത്തലാക്കി എന്നു പറയുന്ന ഞങ്ങൾ ഭക്ഷ്യ സബ്സിഡിയായി 5 വർഷം കൊണ്ട് 9258 കോടി രൂപ നൽകിയപ്പോൾ യുഡിഎഫ് ചിലവാക്കിയത് 3516 കോടി രൂപ മാത്രമാണ്.

Read Also  :  ആരാണോ ധര്‍മ്മം കാക്കുന്നത് അവരുടെ കൂടെ, തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും വക്താക്കളല്ല

ആശ്വാസകിരണം, വീ-കെയർ, സമാശ്വാസം എന്നിവ കുടിശ്ശികയായി എന്നാണ് മറ്റൊരു വാദം. യുഡിഎഫ് 171 കോടി രൂപ ഈ പദ്ധതികൾക്കായി ചിലവഴിച്ചപ്പോൾ എൽഡിഎഫ് ചിലവഴിച്ചത് 395 കോടി രൂപയാണ്. റബർ സബ്സിഡി കുടിശ്ശിക ഇല്ല. റബർ ബോർഡിലെ കാലതാമസമേയുള്ളൂ. യുഡിഎഫ് ഭരണകാലത്ത് റബർ സബ്സിഡിക്ക് 381 കോടി രൂപ ചിലവഴിച്ചപ്പോൾ എൽഡിഎഫ് സർക്കാർ 1382 കോടി രൂപ ചിലവഴിച്ചു.
ഈ സർക്കാരിൻ്റെ ശോഭ കെടുത്തുവാൻ ഉമ്മൻചാണ്ടിയെപ്പോലൊരാൾക്ക് ഇതുപോലെ കള്ളം പറയേണ്ടി വരുന്നുണ്ടെങ്കിൽ പരാജയഭീതി അവരെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

Read Also  :  തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി; മിനർവ മോഹന്റെ പരസ്യ പ്രചാരണം അവസാനിച്ചത് കോട്ടയത്തെ ആവേശക്കടലാക്കി

ദുർബല വിഭാഗങ്ങൾക്ക് പെൻഷനും ആനുകൂല്യവും മുടങ്ങാതെ വിതരണം ചെയ്യലും, കാലാനുസൃതമായി പുതുക്കലും ചരിത്രത്തിലെ ഒരു യുഡിഎഫ് സർക്കാരും പ്രധാന ചുമതലയായി കണ്ടിട്ടില്ല. അതൊരു അധിക ചുമതലയായിട്ടാണ് അവർ കണ്ടിട്ടുള്ളത്. അതുകൊണ്ടാണ് യുഡിഎഫ് സർക്കാരിൻ്റെ കാലങ്ങളിൽ ക്ഷേമ പെൻഷൻ വൻതോതിൽ കുടിശ്ശിക വരുന്നതും വർദ്ധനയുണ്ടാകാത്തതും.

ന്യായ് പദ്ധതിയും കൊണ്ടിറങ്ങുമ്പോൾ ജനം കൂവുന്നതിൻ്റെ കാരണം ഇതാണ്. 3000 രൂപ പെൻഷൻ കടലാസിലേ കിട്ടൂ. 1200 രൂപ പെൻഷൻ വർദ്ധിപ്പിക്കാമെന്ന സർക്കാർ ഉത്തരവിറക്കി പാവപ്പെട്ട വൃദ്ധരെ കബളിപ്പിച്ചതുപോലെ മറ്റൊരു നാടകം. സർക്കാർ ഉത്തരവിറക്കുന്നതിന് ചിലവൊന്നുമില്ലല്ലോ. അതുപോലെയാണ് പ്രകടന പത്രികയിലെ വാഗ്ദാനവും.

https://www.facebook.com/thomasisaaq/posts/4522375977778508

shortlink

Related Articles

Post Your Comments

Related Articles


Back to top button