നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. കൊണ്ടുപിടിച്ച ചർച്ചയിലും പ്രചരണ തിരക്കിലുമാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. വ്യത്യസ്തമായ രീതിയിൽ വോട്ട് തേടുന്നവരുണ്ട്. വോട്ടർമാരുടെ മനസിൽ ഇടം പിടിക്കാൻ എന്തും ചെയ്യുന്നവരുമുണ്ട്. ജനങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാനും അവർക്കൊപ്പം കുശലം ചോദിക്കാനുമൊക്കെ തയ്യാറായി തന്നെ കച്ചകെട്ടി ഇറങ്ങിയവരുമുണ്ട്.
ഇവർക്കൊപ്പം തന്നെ ചുവരെഴുത്തും പൊടിപൊടിക്കുകയാണ്. ചുവരെഴുത്തിൽ പറ്റിയ ചില പാളിച്ചകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വടക്കാഞ്ചേരിയിലെ യു ഡി എഫ് സ്ഥാനാർത്ഥി അനിൽ അക്കരയെ വിജയിപ്പിക്കുക എന്നെഴുതിയ ചുവരെഴുത്തിൽ പക്ഷേ ‘ര’ എഴുതാൻ വിട്ടുപോയി. പകരം അനിൽ അക്കയെ വിജയിപ്പിക്കുക എന്നാണ് എഴുതിയത്. ചുവരെഴുത്ത് കാണുന്നവർ ആദ്യമൊന്ന് അമ്പരക്കും, ശേഷം അവർ പറയുന്നത് ഇങ്ങനെ ‘വല്ല ബംഗാളികളെയും കൂലിക്ക് ചുവരെഴുതാൻ വിളിക്കുമ്പോൾ ആലോചിക്കണമായിരുന്നു’ എന്ന്.
യു ഡി എഫിന് മാത്രമല്ല, എൽ ഡി എഫിനും ചുവരെഴുത്തുകാർ പണി കൊടുത്തിട്ടുണ്ട്. ‘ഉറപ്പാണ് എൽ ഡി എഫ്’ എന്ന എൽ ഡി എഫിൻ്റെ പ്രചരണ വാചകം ചുവരെഴുത്തിൽ എഴുതിയപ്പോൾ ‘റ’ വിട്ടുപോയി. എഴുതിവന്നപ്പോൾ അത് ‘ഉപ്പാണ് എൽ ഡി എഫ്’ എന്നായി. ഇത്തരത്തിൽ ചിരിപടർത്തുന്ന നിരവധി വിചിത്ര കാഴ്ചകൾ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നമുക്ക് കാണാനാകുമെന്ന് തന്നെ സാരം.
Post Your Comments