KeralaLatest NewsNews

ബാഹ്യ സമ്മർദ്ദമുണ്ടായതായി ആരോപണം : ഭാസ്‌കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു 

ജയിലില്‍ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു

കണ്ണൂര്‍ : ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു സര്‍ക്കാര്‍. ബാഹ്യ സമ്മര്‍ദമുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്.

തീരുമാനം എടുത്ത് രണ്ട് മാസമായിട്ടും റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. ജയിലില്‍ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

ഷെറിന്‍ ജയിലില്‍ വെച്ച് സഹതടവുകാരിയായ വിദേശ വനിതയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. ജയില്‍ മോചന ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് വിദേശ വനിതയെ അക്രമിച്ചത്.

സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടിവെള്ളം എടുക്കാന്‍ പോയ വിദേശ വനിതയെ ഇരുവരും തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്.

മുമ്പും സഹതടവുകാരുമായി ഷെറിന്‍ പ്രശ്‌നങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ഷെറിന് ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

എന്നാല്‍ ജയിലില്‍ ഇവര്‍ക്ക് വഴിവിട്ട് പരിഗണനകള്‍ ലഭിച്ചിരുന്നതായി സഹതടവുകാര്‍ വെളിപ്പെടുത്തിയിരുന്നു. ജയിലിലെ നല്ല നടപ്പുകൊണ്ടാണ് ശിക്ഷായിളവിന് ഷെറിനെ പരിഗണിച്ചതെന്നായിരുന്നു കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button