
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയിപ്പിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കസേരയില്‍ തനിക്ക് യാതൊരു താത്പര്യവുമില്ലെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. യുഡിഎഫില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് നേതാക്കന്മാരെല്ലാം കൂട്ടായി ആലോചിച്ചാണ്. സീറ്റ് വിഭജനം കൂട്ടായ തീരുമാനമായിരുന്നുവെന്നും, തനിക്കതില്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങള്‍ മുന്‍പേ പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് സ്വന്തമായ രീതിയുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന രീതി ഞങ്ങള്‍ക്കില്ല. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടി ഒറ്റക്കെട്ടായി നീങ്ങുന്നുണ്ട്. രണ്ടു പേരും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു വരും. അതിനു ശേഷം അഭിപ്രായ ഐക്യത്തോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകും. തര്‍ക്കങ്ങള്‍ എല്ലാം തന്നെ കോണ്‍ഗ്രസ് കുടുംബത്തിലെ ചെറിയൊരു കലഹമായി കണ്ടാല്‍ മതി. ഇത്തവണത്തേത് ജയസാധ്യത മാത്രം മുന്നില്‍ കണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണെന്നതില്‍ സംശയമില്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് നേരെയുണ്ടായ പ്രതിഷേധത്തെ താന്‍ തള്ളിപ്പറയുന്നില്ലെന്നും സ്ഥാനാര്‍ത്ഥിയാവാന്‍ അനുയോജ്യരായ പലരും അവിടെയുണ്ടായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. സമീപകാലത്ത് പല തവണ തങ്ങള്‍ക്ക് അനുഭവത്തില്‍ വന്ന കാര്യമാണ് ആര്‍എസ്എസ് നേതാവ് ആര്‍.ബാലശങ്കര്‍ തുറന്നു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments