ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. ദുബായില്‍ നിന്നുവന്ന ബിന്ദുവിന് കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. സ്വര്‍ണക്കടത്തു സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് യുവതിയെ തട്ടിക്കൊണ്ടു പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദുബായില്‍ നിന്ന് സ്വര്‍ണം കടത്താന്‍ യുവതിയെ ഉപയോഗിച്ചുവെന്ന് പൊലീസ് പറയുന്നു.
Read Also : ഭാര്യയെ കഴുത്തറുത്ത ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി, യുവതിയുടെ ദേഹത്ത് കാര്‍ കയറ്റിയിറക്കിയത് നിരവധി തവണ
യുവതിയുടെ കയ്യില്‍ ഒന്നരക്കിലോ സ്വര്‍ണം കൊടുത്തുവിട്ടു. എന്നാല്‍ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്ന് യുവതി മൊഴി നല്‍കി. സ്വര്‍ണമോ പണമോ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നിരവധി തവണ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന് ബിന്ദു പൊലീസിന് മൊഴി നല്‍കി. എട്ടുമാസത്തിനിടെ മൂന്നുതവണ സ്വര്‍ണം കടത്തിയെന്നും മൊഴിയില്‍ പറയുന്നു.
അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.
മാന്നാര്‍ കുരട്ടിക്കാട് സ്വദേശിയായ യുവതിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന് ആദ്യമേ സംശയിച്ചിരുന്നു. യുവതിയെ മാന്നാറിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകള്‍ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായില്‍ നിന്ന് നാലു ദിവസം മുന്‍പാണ് യുവതി വീട്ടിലെത്തിയത്.
പുലര്‍ച്ചെ വീട്ടിലെത്തിയ പതിനഞ്ചോളം ആളുകള്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് തന്നെയും ബിന്ദുവിന്റെ അമ്മ ജഗദമ്മയെയും മര്‍ദ്ദിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞത്.
ആക്രമണത്തില്‍ ജഗദമ്മയ്ക്ക് നെറ്റിയില്‍ മുറിവേറ്റു . തട്ടിക്കൊണ്ടുപോയവര്‍ രാവിലെ 11 മണിയോടെ ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തില്‍ നാലുപേരുണ്ടായിരുന്നുവെന്നും അവര്‍ പണം ആവശ്യപ്പെട്ടെന്നും ബിന്ദു പറഞ്ഞു.
Post Your Comments