ആലപ്പുഴ: മാന്നാര്‍ കല കൊലക്കേസില്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം പല കാര്യങ്ങളും വെളിച്ചത്ത് വരികയാണ്. ഇപ്പോള്‍ അനിലിന്റെ അയല്‍വാസി സോമന്റെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുന്നത്.
Read Also: മഹേഷിന്റെ കൊലപാതകം: ഭാര്യ പൂജയും കാമുകനും അറസ്റ്റില്‍: മഹേഷിന്റെ ജീവന്‍ എടുത്തതിന് പിന്നിലും അവിഹിതം
‘വെള്ള നിറത്തിലുള്ള കാര്‍, അതിനു പിന്നിലെ സീറ്റില്‍ ചാരിക്കിടത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം. കാറിലുണ്ടായിരുന്നവര്‍ ക്രിമിനല്‍ സ്വഭാവമുള്ളവരായതിനാല്‍ പേടിച്ച് ആരോടും പറഞ്ഞില്ല”- ഇരമത്തൂര്‍ സ്വദേശിനി കലയെ കൊലപ്പെടുത്തിയെന്ന കേസില്‍ നിര്‍ണായകമാകുകയാണു മുഖ്യപ്രതി അനിലിന്റെ അയല്‍വാസി സോമന്റെ (70) മൊഴി. പ്രതികള്‍ക്കെതിരെയുള്ള ശക്തമായ തെളിവാണു സോമന്റെ മൊഴിയെന്നാണു വിലയിരുത്തല്‍.
ചെന്നിത്തല ഐക്കര ജംഗ്ഷനിലാണു സോമന്റെ ചായക്കട. രാത്രി പാല്‍വണ്ടി വരുന്നതിനാല്‍ ചായക്കട തുറന്നുവച്ചിരുന്ന സോമനോടാണ് മൃതദേഹം മറവു ചെയ്യാന്‍ പ്രതികള്‍ സഹായം തേടിയത്. സഹായം നിരസിച്ച സോമന്‍ കട അടച്ച് വീട്ടിലേക്ക് പോയി. ഇക്കാര്യം ആരോടും പറഞ്ഞില്ല. കലയുടേത് കൊലപാതകമാണെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊലീസ് പരിശോധിച്ച ദിവസം സോമന്റെ മൊഴി രേഖപ്പെടുത്തി. കണ്ട കാര്യങ്ങള്‍ സോമന്‍ പൊലീസിനോടു വെളിപ്പെടുത്തി. കലയെ കാണാതായി 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് സോമന്‍ പൊലീസിനോട് എല്ലാം തുറന്നു പറഞ്ഞത്.
പ്രതികള്‍ തന്റെ സഹായം തേടിയ രാത്രിയില്‍ കലയുടെ മൃതദേഹമുള്ള കാറില്‍ അനില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഉണ്ടായിരുന്നതായി സോമന്‍ പൊലീസിനോട് പറഞ്ഞു. കേസില്‍ സാക്ഷിയാക്കിയ കെ.വി.സുരേഷ്‌കുമാര്‍ കാറില്‍ നിന്നിറങ്ങി കടയിലേക്കു വന്നു സോമനോട് സഹായം ആവശ്യപ്പെട്ടു. കാറിനടുത്തേക്ക് ചെന്നപ്പോള്‍ പുറകിലെ സീറ്റില്‍ സ്ത്രീയുടെ മൃതദേഹം കണ്ടു. രണ്ട് പുരുഷന്‍മാര്‍ക്കിടയിലായിരുന്നു മൃതദേഹം. കാറിനുള്ളില്‍ പിക്കാസ്, കയര്‍, മണ്‍വെട്ടി എന്നിവയുണ്ടായിരുന്നു. മൃതദേഹം മറവു ചെയ്യാന്‍ സഹായിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഭയന്നുപോയ സോമന്‍ കടയിലേക്ക് മടങ്ങി. വേഗം കട അടച്ചശേഷം വീട്ടിലേക്ക് പോയി. കാറിലുണ്ടായിരുന്നവരുടെ വിവരങ്ങളും സോമന്‍ പൊലീസിനോട് പറഞ്ഞു.
ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കലയുടെ തിരോധാനം കൊലപാതകമാണെന്നതിനു സൂചനകള്‍ ലഭിച്ചത്. കല കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള 3 പ്രതികളുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇവരെ വീണ്ടും കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. പ്രതികളായ ഇരമത്തൂര്‍ ജിനു ഭവനത്തില്‍ ജിനു ഗോപി (48), ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ സോമരാജന്‍ (56), ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ പ്രമോദ് (40) എന്നിവരാണു റിമാന്‍ഡില്‍ കഴിയുന്നത്.
കലയുടെ ഭര്‍ത്താവും മുഖ്യപ്രതിയുമായ അനില്‍ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
Post Your Comments