Kerala

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്: പ്രതികളായ നാല് വിദ്യാർഥികളെ കോളജ് പുറത്താക്കി

കളമശ്ശേരി: എറണാകുളം കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്കിലെ കഞ്ചാവ് കേസ് പ്രതികളായ നാലു വിദ്യാർത്ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജിന്റെ തീരുമാനം. പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ലന്നും കോളേജ് അറിയിച്ചു.

ഒരു മാസംമുമ്പാണ് പോളിയിൽ നാല് വിദ്യാർഥികളെയും പൂർവവിദ്യാർഥികളേയും കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് സൂക്ഷിക്കുക മാത്രമല്ല, വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തിയെന്നും കണ്ടെത്തിയിരുന്നു. അന്ന് തന്നെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. കോടതി അനുമതിയോടെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകും എന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

കളമശ്ശേരി പോലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു ഹോസ്റ്റലിൽ പരിശോധന നടത്തിയതും കഞ്ചാവ് കണ്ടെത്തിയതും. പരിശോധനയിൽ, ഒരു മുറിയിൽനിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയിൽനിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയിൽനിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യൻ, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയിൽ നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞമാസം 13നായിരുന്നു ഹോസ്റ്റലിൽ പരിശോധന നടത്തിയത്.

ഇരുവരേയും അറസ്റ്റുചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ അറസ്റ്റിലായ അഭിരാജ് എസ്എഫ്ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ്. പൂര്‍വ വിദ്യാര്‍ഥികളാരോ തങ്ങളെ കുടുക്കാനായി മുറിയില്‍ കഞ്ചാവ് കൊണ്ടുവെച്ചതാണെന്നാണ് അഭിരാജ് പോലീസിന് മൊഴി നൽകിയത്. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.

shortlink

Post Your Comments


Back to top button