Kerala

പൊലീസിനെ വഴിതെറ്റിക്കാൻ കത്ത്: വീടുവിട്ടിറങ്ങിയ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി

പാലക്കാട് : തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി കാണാതായ പത്താം ക്ലാസ് വിദ്യാർഥിനികളായ മൂന്ന് പേരെ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് കുട്ടികളും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ഇവരുമായി ചെറുതുരുത്തി പോലീസ് കേരളത്തിലേക്ക് തിരിച്ചു.

ഷൊർണ്ണൂരിലുള്ള കുട്ടിയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ് പോകുന്നതെന്നും, ഷൊർണൂരിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ടിക്കറ്റ് ചാർജ്, അവിടെ നിന്ന് പുണെയിലേക്കുള്ള ടിക്കറ്റ് ചാർജ്, തുടർന്ന് മഹാരാഷ്ട്രയിലെ രാജൻ ഗാവ് എന്ന സ്ഥലത്ത് എത്തുന്നത് വരെയുള്ള കൃത്യമായ കാര്യങ്ങൾ ഇവർ കത്തിൽ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കുട്ടികളുടെ ലൊക്കേഷൻ പരിശോധിച്ചതിൽ കോയമ്പത്തൂരിലെ ഉക്കടം ഭാഗത്താണെന്ന് കണ്ടെത്തി. ഇതോടെ കത്തിലുള്ള വഴി തന്നെയാണ് പെൺകുട്ടികൾ പോയതെന്ന് ആദ്യഘട്ടത്തിൽ പോലീസ് സ്ഥിരീകരിച്ചു.

ഇതേ തുടർന്ന് കോയമ്പത്തൂരിൽ നിന്ന് പുണെയിലേക്ക് പുറപ്പെട്ട വണ്ടി പോലീസും റെയിൽവേ സേനയും പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പിന്നാലെ കുട്ടികൾ എഴുതിവെച്ച കത്ത് ഒന്നുകൂടി വിശദമായി പരിശോധിച്ചപ്പോൾ ചില സംശയങ്ങൾ തോന്നി. ഇവരെ കാണാതാകുമ്പോൾ പോലീസിൽ പരാതി നൽകുമെന്നും പോലീസ് അന്വേഷണത്തിൽ പിടിക്കപെടുമെന്നും വിദ്യാർത്ഥികൾക്ക് ബോധ്യമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ മനഃപൂർവം പോലീസിനെ കബളിപ്പിക്കാൻ ആണ് കത്തിൽ കൃത്യമായി റൂട്ട് എഴുതിവെച്ചതെന്ന് പോലീസ് ഉറപ്പിച്ചു.ഇതോടെയാണ് കോയമ്പത്തൂരിൽ നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ ബെംഗളരൂവിലെക്ക് പോകുന്ന ട്രെയിൻ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ട്രെയിൻ എത്താൻ ഏതാനും മിനിറ്റുകൾക്ക് മുമ്പ് പ്ലാറ്റഫോമിൽ എത്തി പോലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ മാതാപിതാക്കളെയും എത്തിച്ച് ഇവരെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button