ചെന്നൈ: തലസ്ഥാനത്തെ ഒരു ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം തട്ടിയ കേസില്‍ പിടിലായ ദമ്പതികള്‍ സ്വര്‍ണ കള്ളക്കടത്ത് ശൃംഖലയില്‍പ്പെട്ടവരെന്ന് പൊലീസ്. പ്രമുഖ ജ്വല്ലറിയില്‍ നിന്നും ഒരു കോടി 84 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെന്ന പരാതിയിലാണ് കൊച്ചി സ്വദേശികളായ രാജീവിനെയും ഷര്‍മ്മിളയെയും തഞ്ചാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. വന്‍ റാക്കറ്റില്‍പ്പെട്ടവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Read Also: സംസ്ഥാനത്ത് ഇന്നും കനത്ത മഴ: വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തലസ്ഥാനത്തെ ഒരു ജ്വല്ലറിയില്‍ നിന്നും ഒരു കോടി 84 ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയ ശേഷം കൊച്ചി സ്വദേശികളായ ദമ്പതികള്‍ പണത്തിന് പകരം ചെക്ക് നല്‍കിയെന്നും ഇത് വ്യാജ ചെക്കായിരുന്നുവെന്നുമാണ് ജ്വല്ലറി ഉടമകളുടെ പരാതി. പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജ്വല്ലറി ഉടമ കൊച്ചി സ്വദേശികളായ ഷര്‍മിളക്കും രാജീവിനുമെതിരെ വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ജ്വല്ലറി ഉടമയുടെ സുഹൃത്തായ കൊച്ചിയിലെ ഒരു ഹോട്ടല്‍ ഉടമ വഴി സ്വര്‍ണം വാങ്ങിയത് കൊണ്ടാണ് ഇത്രയും വലിയ അളവില്‍ സ്വര്‍ണം വിറ്റിട്ടും ചെക്ക് വാങ്ങിയതെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. തഞ്ചാവൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഇന്നലെ വഞ്ചിയൂര്‍ എസ്എച്ച്ഒ ഷാനിഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ കടത്ത് ബന്ധം പുറത്തുവന്നത്.
വിമാനത്താവളം വഴി കടത്തികൊണ്ടുവരുന്ന സ്വര്‍ണം ക്യാരിയര്‍മാരില്‍ നിന്നും വാങ്ങി സ്വര്‍ണ കടത്ത് സംഘങ്ങള്‍ക്ക് കൈമാറുന്നവരാണ് ഇരുവരും. ഷര്‍മിളക്കെതിരെ ഇ.ഡിയുടെ അന്വേഷണവുമുണ്ട്. കരുനാഗപ്പള്ളി, അങ്കമാലി, പെരുന്തല്‍മണ്ണ, ഹരിപ്പാട്, എന്നിവടങ്ങളിലും ഇവര്‍ക്ക് സ്വര്‍ണ തട്ടിപ്പ് കേസുണ്ട്. ഈ തട്ടിപ്പ് കേസുകളില്ലെല്ലാം പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്നും തട്ടിയ സ്വര്‍ണം എന്തു ചെയ്തുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടില്ല. രണ്ട് പ്രതികളെയും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നവരായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇടപാടുകളില്ലെല്ലാം വലിയ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. തുടരന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. പ്രതികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്കും പൊലീസ് കൈമാറും.
Post Your Comments