സൂറത്ത് : ഡയമണ്ട് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വയം മോഷ്ടാവ് ആയി. ആഡംബരകരമായ ജീവിതം നയിക്കാന്‍ ഭാര്യ ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് യുവാവ് മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കാന്‍ തുടങ്ങിയത്. ഗുജറാത്തിലെ ഉത്രാന്‍ നിവാസിയായ ബല്‍വന്ത് ചൗഹാനാണ് പ്രതി. സംഭവത്തില്‍ ഇയാളെ ഞായറാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ചൗഹാന്റെ ഭാര്യയ്ക്ക് ആഡംബര ജീവിതം നയിക്കുന്ന മൂത്ത സഹോദരിയോട് കടുത്ത അസൂയ ആയിരുന്നു. തനിക്കും ഇതുപോലെ ജീവിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഡയമണ്ട് ആര്‍ട്ടിസ്റ്റായ ചൗഹാന് 15,000 മുതല്‍ 20,000 രൂപ വരെ ആയിരുന്നു വരുമാനം. എന്നാല്‍, കൊറോണ വൈറസും ലോക്ക്ഡൗണും കാരണം ചൗഹാന് ജോലി നഷ്ടപ്പെട്ടു. ആവശ്യത്തിന് പണം സമ്പാദിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ചൗഹാന്‍ മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കാന്‍ തീരുമാനിച്ചതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കപ്പോദാര, വരച്ച, അമ്രോളി, കതര്‍ഗാം എന്നിവിടങ്ങളില്‍ നിന്ന് 30 ഓളം ഇരുചക്ര വാഹനങ്ങള്‍ പ്രതി മോഷ്ടിച്ചു. വാഹനങ്ങളെല്ലാം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡയമണ്ട് യൂണിറ്റുകളുടെയും ഷോപ്പിംഗ് കോംപ്ലക്‌സുകളുടെയും പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വെച്ചിരുന്ന ബൈക്കുകളാണ് പ്രതി ടാര്‍ഗെറ്റ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്തിരുന്നതിനാല്‍ ജീവനക്കാരുടെ ജോലി സമയം പ്രതിക്ക് അറിയാമായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭാവ് നഗര്‍ ജില്ലയിലെ ജാലിയ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2017ലാണ് ചൗഹാന്‍ ആദ്യമായി മോഷ്ടിക്കുന്നത്. പിന്നീട് 2019 ല്‍ വീണ്ടും മോഷ്ടിക്കാന്‍ തുടങ്ങി, 4 മോട്ടോര്‍ സൈക്കിളുകള്‍ ആ വര്‍ഷം മോഷ്ടിച്ചു. 2020ല്‍ വീണ്ടും 20 ബൈക്കുകള്‍ മോഷ്ടിച്ചു എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments