Latest NewsInternational

മറഡോണയുടെ മരണം ചികിത്സാപ്പിഴവ് ? ഡോക്ടറുടെ വസതിയില്‍ റെയ്ഡ്

ചികിത്സാ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്നു പോലീസ് വക്താവ് അറിയിച്ചു.

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണകാരണം ചികിത്സാപ്പിഴവെന്ന ആരോപണത്തില്‍ അന്വേഷണവുമായി അര്‍ജന്റീനാ പോലീസ്. അദ്ദേഹത്തിന്റെ ഡോക്ടര്‍ ലിയപോര്‍ഡോ ലൂഖിന്റെ വസതില്‍ പോലീസ് റെയ്ഡ് നടത്തി. അമ്പതോളം പോലീസ് – ജുഡീഷ്യറി ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. ചികിത്സാ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്നു പോലീസ് വക്താവ് അറിയിച്ചു.

അതേസമയം മറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. മറഡോണയുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.

മറഡോണ അന്തരിച്ച ദിവസം തന്നെ ഗൂഢാലോചന ആരോപിച്ച്‌ ആരാധകര്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ഡാല്‍മ, ജിയാനിയ എന്നിവരാണു പരാതി നല്‍കിയത്. തുടര്‍ന്ന് മാറഡോണയുടെ അഭിഭാഷകന്‍ മത്തിയാസ് മോളയും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു. മറഡോണയെ ചികിത്സിച്ച സംഘത്തിലെ ഒരു നഴ്‌സിന്റെ മൊഴിമാറ്റമാണു പെട്ടെന്നുള്ള നടപടിയിലേക്കു പോലീസിനെ നയിച്ചത്. അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായ ദിവസം രാവിലെ പരിശോധന നടത്തിയെന്നായിരുന്നു അവരുടെ മൊഴി.

read also: കെഎസ്എഫ്ഇ ക്രമക്കേട്; മൗനം പാലിച്ച് മുഖ്യമന്ത്രി, സിപിഎമ്മിനുള്ളില്‍ ആശയക്കുഴപ്പം

ഇതു തെറ്റാണെന്ന് അവര്‍ പിന്നീട് സമ്മതിച്ചു. ഹൃദയാഘാതം ഉണ്ടാകുന്നതിനു മുമ്പുള്ള 12 മണിക്കൂറില്‍ അദ്ദേഹത്തിനു മെഡിക്കല്‍ പരിശോധന നടന്നില്ലെന്ന ആരോപണം ശരിവയ്ക്കുന്ന സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അര്‍ജന്റീനയിലെ മാധ്യമങ്ങളുടെ നിലപാട്. ഉറങ്ങാന്‍ പോകും മുമ്പ് സുഖമില്ല എന്നു സാന്‍ ആന്‍ഡ്രേസിലെ വസതിയില്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിനോട് മറഡോണ പറഞ്ഞിരുന്നു. ഇതു മെഡിക്കല്‍ സംഘം ഗൗരവമായിട്ട് എടുത്തില്ലത്രേ. ഉറക്കത്തിനിടെയാണ് അദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായത്.

മറഡോണയുടെ വീട്ടില്‍ ആംബുലന്‍സ് എത്താന്‍ 30 മിനിറ്റിലധികം എടുത്തിരുന്നെന്നാണ് അഭിഭാഷകന്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഹൃദയപേശികള്‍ക്കു ബലക്ഷയം ഉണ്ടായിരുന്നെന്നും ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യാന്‍ കഴിയില്ലായിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതു ശ്വാസകോശത്തെയും ബാധിച്ചു. മദ്യം, കൊക്കെയ്ന്‍ എന്നിവയ്ക്ക് അടിമയായിരുന്നതു മൂലമുള്ള ആരോഗ്യപ്രശ്‌നവും മാറഡോണയ്ക്ക് ഉണ്ടായിരുന്നു.

ഇതു ഹൃദയാഘാതത്തിലേക്ക് നയിച്ചെന്നാണു കണ്ടെത്തല്‍.  മരണത്തിന് 12 മണിക്കൂര്‍ മുന്‍പ് എന്തെങ്കിലും തരത്തിലുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് അദ്ദേഹം വിധേയനായോയെന്ന് അന്വേഷിക്കണമെന്നും മറഡോണയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഈ മാസം 25നാണ് മറഡോണ അന്തരിച്ചത്. 11നായിരുന്നു അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button