ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം. മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകർത്തത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണൽ മെസിയാണ് അര്‍ജന്റീനയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ അര്‍ജന്റീനയ്ക്ക് മെക്‌സിക്കോയ്‌ക്കെതിരായ മത്സരം ഏറെ നിർണായകമായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് അര്‍ജന്റീന മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ആദ്യ പകുതിയിൽ പന്ത് കൈവശപ്പെടുത്തിയിട്ടും മെക്‌സിക്കോയ്‌ക്കെതിരെ മികച്ചൊരു മുന്നേറ്റം നടത്താൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. 64-ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തിയത്. അതും മെസിയുടെ ഇടങ്കാലില്‍ നിന്നുള്ള തകർപ്പൻ ഷോട്ട്. വലത് വിംഗില്‍ നിന്നും ഡി മരിയ നല്‍കിയ പാസാണ് ഗോളില്‍ കലാശിച്ചത്.
ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ നിലംപറ്റെയുള്ള ഷോട്ടിന് ഒച്ചോവ ഡൈവിംഗ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. 87-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ രണ്ടാം ഗോൾ പിറന്നത്. മെസിയുടെ അസിസ്റ്റില്‍ എന്‍സോയാണ് വല കുലുക്കിയത്. ഖത്തർ ലോകകപ്പിൽ മെസിയുടെ രണ്ടാം ഗോളാണ് ഇന്ന് മെക്‌സിക്കോയ്‌ക്കെതിരെ നേടിയത്.
ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്കായി ഇതുവരെ 8 ഗോൾ നേടിയ മെസി ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കും ഒപ്പമെത്തി. 1986ലെ ലോകകപ്പ് ജേതാവായ മറഡോണ അർജന്റീനയ്ക്കുവേണ്ടി ലോകകപ്പിൽ ആകെ എട്ട് ഗോളുകൾ നേടിയിട്ടുണ്ട്, ഖത്തറിൽ തന്റെ രണ്ടാം ഗോളോടെ മെസി ആ നേട്ടത്തിനൊപ്പമെത്തി.
Post Your Comments