ബ്യൂണസ് ഏറീസ്: ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മാറഡോണയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി അദ്ദേഹത്തെ പരിചരിച്ച നഴ്സിന്റെ അഭിഭാഷകൻ. മാറഡോണയെ പരിചരിച്ച ഡോക്ടർമാർ അശ്രദ്ധയിലൂടെ കൊലപ്പെടുത്തിയതാണെന്നാണ് അഭിഭാഷകൻ പറയുന്നത്.
ഡഹിയാന ഗിസെല മാഡ്രിഡ് എന്ന നഴ്സിനെ കോടതിയിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അഭിഭാഷകന്റെ പ്രതികരണം. ‘ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. അതിനൊപ്പം മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നു. ഇത് ഹൃദയമിടിപ്പ് കൂടാൻ കാരണമായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം വീണു. ഈ സമയം സി.എ.ടി സ്കാൻ എടുക്കാൻ മാറഡോണ ആവശ്യപ്പെട്ടെങ്കിലും സഹായി അത് സമ്മതിച്ചില്ല. മാധ്യമങ്ങൾ അറിഞ്ഞാൽ മോശമാകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മാറഡോണ മരിക്കാൻ പോകുകയാണെന്ന സൂചന നൽകുന്ന പല കാര്യങ്ങളുമുണ്ടായി. എന്നാൽ ഇത് തടയാൻ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായില്ല’- അഭിഭാഷകൻ ആരോപിച്ചു.
മാറഡോണയെ പരിചരിച്ച ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ഏഴു പേർക്കെതിരേയാണ് അന്വേഷണം. മാറഡോണയ്ക്ക് ആവശ്യമുള്ള ചികിത്സ ലഭിച്ചില്ലെന്നും വിധിക്ക് വിടുകയായിരുന്നു അദ്ദേഹത്തെ എന്നും വിദഗ്ദ്ധ സംഘം കണ്ടെത്തിയതോടെയാണ് കൊലക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചത്. കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ എട്ടു വർഷം മുതൽ 25 വർഷം വരെ നീളുന്ന തടവുശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്.
Post Your Comments