ഡൽഹി: സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും, പോൺ സൈറ്റുകളിലും പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ 20 കാരനും സുഹൃത്തും പോലീസ് പിടിയിൽ. ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഓൺലൈന്‍ വഴി ഉപഭോക്താക്കൾക്ക് വായ്പ നൽകുന്ന ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന ഷോയിബ് അക്തർ എന്ന 20 കാരനും ഇയാളുടെ സുഹൃത്ത് നസീമുൾ ഹക്കുൾ എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്.
കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വന്ന ലോക്ക്ഡൗണിൽ ഇയാൾക്ക് ജോലി നഷ്ടമായിരുന്നു. തുടർന്ന് ഷോയിബ് അക്തർ തന്റെ മുൻ കമ്പനിയുടെ ഡാറ്റാബേസ് ദുരുപയോഗം ചെയ്യുകയായിരുന്നു ഉണ്ടായത്. നസീമുൾ ഹകുൽ, ജബ്ബാർ എന്നീ രണ്ട് പേർക്കൊപ്പം ചേർന്ന് സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ചു കൊടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആളുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു.
ഇതിനിടെ വെള്ളിയാഴ്ച ജഹാംഗീർപുരി നിവാസിയായ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തന്റെ അശ്ലീല ചിത്രങ്ങൾ അയച്ച് പണം നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി ഒരു സ്വകാര്യ എയർലൈൻസിൽ ജോലി ചെയ്യുന്ന യുവതി തന്റെ പരാതിയിൽ വ്യക്തമാകുന്നു. ഗുഡ്ഗാവിൽ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ഷോയിബ് അക്തറും നസീമുൾ ഹക്കും അറസ്റ്റിലായത്. നാല് മൊബൈൽ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും നിരവധി സിംകാർഡുകളും ഇവരിൽ നിന്ന് പോലീസ് കണ്ടെത്തി. 45 പേരിൽ നിന്നായി 12 ലക്ഷം രൂപ തട്ടിയെടുത്തതായി ഇരുവരും സമ്മതിച്ചു.
Post Your Comments